മന്ത്രവാദത്തെ എതിര്‍ത്തതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ യുവതിക്ക് ക്രൂരപീഡനം
കല്‍പ്പറ്റ: മന്ത്രവാദത്തെ എതിര്‍ത്തതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ കേസെടുത്ത് വയനാട് പനമരം പൊലീസ്. ഭര്‍ത്താവും ഭര്‍തൃമാതാവുമടക്കം നാല് പേര്‍ക്കെതിരെയാണ് കേസ്. ഭക്ഷണം പോലും നിഷേധിച്ചായിരുന്നു പീഡനമെന്ന് വാളാട് സ്വദേശിയായ യുവത പറഞ്ഞു. വനിതാ കമ്മീഷനും യുവജനകമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.9 മാസം മുമ്പായിരുന്നു പനമരം കൂളിവയല്‍ സ്വദേശിയായ ഇക്ബാലുമായി 19കാരിയുടെ വിവാഹം. ഭര്‍തൃമാതാവ് ആയിഷ വീട്ടില്‍ നടത്തുന്ന മന്ത്രാവാദത്തെ എതിര്‍ത്തതോടെ പീഡനം തുടങ്ങിയെന്ന് യുവതി പറയുന്നു. നിലത്ത് ഉരുളുന്നതടക്കമുള്ള വിചിത്ര മന്ത്രവാദരീതികള്‍ക്ക് യുവതി സാക്ഷിയായി. അപരിചിതര്‍ക്കൊപ്പം ഇരുന്ന് മന്ത്രവാദത്തിന്റെ ഭാഗമാകാന്‍ നിര്‍ബന്ധിച്ചതോടെ എതിര്‍പ്പ് പ്രകടിപ്പിച്ചു. പിന്നീട് ശാരീരികാതിക്രമം തുടങ്ങിയെന്നും യുവതി പറഞ്ഞു.ഭര്‍ത്താവ് ഇക്ബാല്‍, ഭര്‍തൃമാതാവ് ആയിഷ, ഭര്‍ത്താവിന്റെ സഹോദരി ഷഹര്‍ബാന്‍, സഹോദരിയുടെ ഭര്‍ത്താവ് ഷെമീര്‍, എന്നിവര്‍ക്കെതെരെയാണ് യുവതി പരാതി നല്‍കിയത്. തനിക്ക് ഭക്ഷണം നിഷേധിക്കുകയും തന്നെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും യുവതി വ്യക്തമാക്കി. ഒടുവില്‍ വാളാടുള്ള വീട്ടിലേക്ക് രക്ഷപ്പെട്ടെത്തുകയായിരുന്നുവെന്നും പത്തൊമ്പതുകാരി പറഞ്ഞു.സംഭവത്തില്‍ 4 പേര്‍ക്കെതിരെ പനമരം പൊലീസ് കേസെടുത്തിട്ടുണ്ട്. വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. യുവജനകമ്മീഷന്‍ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.