ശബരിമല സ്വർണക്കൊള്ള; ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം, നിയമസഭാ കവാടത്തിൽ യുഡിഎഫിന്റെ സത്യഗ്രഹം
നിയമസഭാ സമ്മേളനത്തിനിടെ പുതുതന്ത്രവുമായി യുഡിഎഫ്. സ്വർണക്കൊള്ളക്കേസിൽ പ്രതിഷേധിച്ച് സഭാ കവാടത്തിൽ യുഡിഎഫ് എംഎൽഎമാർ സത്യഗ്രഹം ഇരിക്കുകയാണ്. സഭ തസടപ്പെടുത്താതെയാണ് യുഡിഎഫിന്റെ ഈ നീക്കം. നജീബ് കാന്തപുരം, സിആർ മഹേഷ് എന്നീ എംഎൽഎമാരാണ് സത്യഗ്രഹമിരിക്കുന്നത്സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സമരം നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം എസ്‌ഐടിയുടെ മേൽ ഉണ്ടാകരുത്. സഭാ നടപടികളുമായി സഹകരിച്ച് ഈ സമരവുമായി യുഡിഎഫ് മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാൽ സമരം ഹൈക്കോടതിക്കെതിരെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിനെതിരായ സമരമായി ഇതിനെ കണക്കാക്കാൻ സാധിക്കില്ല. ഹൈക്കോടതിയാണ് എസ്‌ഐടിയുടെ കാര്യങ്ങൾ നോക്കുന്നതും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതും. പ്രതിപക്ഷനേതാവ് നടത്തുന്ന സമരം നിയമസഭാ കവാടത്തിലാണെങ്കിലും യഥാർത്ഥത്തിൽ ഹൈക്കോടതിക്കെതിരെയുള്ള സമരമായാണ് കണക്കാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

