മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പന്‍ അന്തരിച്ചു
തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പന്‍ (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ എ കെ ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക- പട്ടികവിഭാഗ ക്ഷേമ മന്ത്രിയായിരുന്നു. നാല് തവണ നിയമസഭാംഗവുമായി.1980ല്‍ വണ്ടൂരില്‍നിന്നാണ് കുട്ടപ്പന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്.1987ല്‍ ചേലക്കരയില്‍ നിന്നും 1996, 2001 വര്‍ഷങ്ങളില്‍ ഞാറക്കലില്‍ നിന്നും വിജയിച്ചു. 2001 മേയ് മുതല്‍ 2004 ഓഗസ്റ്റ് വരെ പിന്നാക്ക – പട്ടികവിഭാഗക്ഷേമ മന്ത്രിയായിരുന്നു.ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍ അംഗം, ദക്ഷിണ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അംഗം, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, കെ പി സി സി നിര്‍വാഹകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലെത്തും മുന്‍പ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായും അഞ്ചുവര്‍ഷം ആരോഗ്യ വകുപ്പില്‍ അസി. സര്‍ജനായും നാലുവര്‍ഷം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായും സേവനം അനുഷ്ഠിച്ചു.റിട്ട. അധ്യാപിക ബീബി ജോണാണ് ഭാര്യ. മക്കള്‍: അജിത്ത് പ്രശാന്ത് (കല്‍പ്പറ്റ), അനന്തു പ്രവീണ്‍ (എല്‍.എല്‍.ബി. വിദ്യാര്‍ഥി). എറണാകുളം പേരണ്ടൂര്‍ നിവ്യ നഗറിലെ സാകേതിലായിരുന്നു താമസം.പക്ഷാഘാതം വന്ന് പൊതുരംഗത്തുനിന്ന് മാറി നില്‍ക്കുകയായിരുന്നു. 2013-ല്‍ കുറവിലങ്ങാട്ട് എം.എ. ജോണ്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ പക്ഷാഘാതം വന്ന് വീഴുകയായിരുന്നു. ക്രമേണ പൊതുരംഗത്തുനിന്ന് ഒഴിവായി. ചികിത്സയിലൂടെ ആരോഗ്യം ഏറക്കുറെ വീണ്ടെടുത്തെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം എത്തിയില്ല.ബുധനാഴ്ച രാവിലെ 10 മണിയോടെ എറണാകുളം ഡി.സി.സി. ഓഫീസിലെത്തിക്കുന്ന മൃതദേഹം 11 മണിവരെ പൊതുദര്‍ശനത്തിന് െവക്കും. 11.30 മുതല്‍ പേരണ്ടൂര്‍ റോഡിലെ നിവ്യ നഗറിലെ വീട്ടില്‍ പൊതുദര്‍ശനം. സംസ്‌കാരം നാലുമണിക്കു ശേഷം പച്ചാളം പൊതുശ്മശാനത്തില്‍.