ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ ചരിഞ്ഞ തണ്ണീര്‍ കൊമ്പന്റെ ജഡം കഴുകന്മാര്‍ ഭക്ഷണമാക്കി
വയനാട്: ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ ചരിഞ്ഞ തണ്ണീര്‍ കൊമ്പന്റെ ജഡം കഴുകന്മാര്‍ ഭക്ഷണമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കര്‍ണാടക വനംവകുപ്പ് തണ്ണീര്‍ കൊമ്പന്റെ ജഡം കഴുകന്‍ റസ്റ്ററന്റിലെത്തിക്കുകയായിരുന്നു. കഴുകന്‍ റസ്റ്ററന്റില്‍ മൃതദേഹങ്ങളെത്തിയാല്‍ വയനാട്ടില്‍ നിന്ന് പോലും കഴുകന്‍മാര്‍ ബന്ദിപ്പൂരിലേക്ക് പറന്നെത്താറുണ്ടെന്നാണ് റിപ്പോര്‍ട്ട്.വന്യമൃഗങ്ങളുടെ ജഡം കഴുകന്മാര്‍ക്ക് നല്‍കുന്നത് പതിവാണ്. മാരകരോഗമോ പകര്‍ച്ചവ്യാധിയോ മൂലം ചാകുന്ന വന്യജീവികളെ കേരള വനംവകുപ്പ് കഴുകന് തീറ്റയായി നല്‍കാറില്ല. അതേസമയം രോഗബാധയുള്ള തണ്ണീര്‍ കൊമ്പന്റെ ജഡമാണ് കഴുകന്മാര്‍ക്ക് ഭക്ഷണത്തിനായി കര്‍ണാടക വനംവകുപ്പ് ഇട്ടുകൊടുത്തത്. ഇത് മറ്റ് വന്യമൃഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കാനിടയുണ്ട്. കേരളത്തിലെ വനങ്ങളിലേക്കും രോഗബാധ പടരാനിടയുണ്ട്. സംഭവത്തില്‍ കര്‍ണാടക വനം വകുപ്പിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരുടെ സംരക്ഷണത്തിനുള്ളതാണ് കഴുകന്‍ റസ്റ്ററന്റ് പദ്ധതി. വന്യജീവികളുടെ മൃതദേഹം കഴുകന്മാരുടെ ആവാസകേന്ദ്രങ്ങളിലെത്തിച്ചു നല്‍കുന്നത് വഴി അവയ്ക്ക് വിഷ രഹിതമായ ഭക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യം.