കർക്കടക വാവ് ദിനമായ ഇന്ന് പിതൃസ്മരണയിൽ വിശ്വാസികൾ

Spread the love

കർക്കടക വാവ് ദിനമായ ഇന്ന് പിതൃസ്മരണയിൽ വിശ്വാസികൾ. ഇന്ന് രാവിലെ മുതലാണ് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. ഇക്കുറി കർക്കടകം ഒന്നിന് തന്നെ കറുത്തവാവ് എന്ന സവിശേഷതയും ഉണ്ട്. ജ്യോതിഷ പ്രകാരം, ഇന്ന് പുലർച്ചെ അഞ്ച് മണി മുതലാണ് കർക്കടകം ഒന്ന് ആരംഭിക്കുന്നത്. കറുത്തവാവ് ഇന്നലെ രാത്രി 10.10-ന് ആരംഭിച്ച്, ഇന്ന് രാത്രി 12 മണി വരെ നീണ്ടുനിൽക്കും. സൂര്യൻ ഉച്ചസ്ഥായിയിൽ എത്തുന്നതിന് മുൻപ് ബലിതർപ്പണം നടത്തുന്നതാണ് ഉത്തമം. അതിനാൽ, ഉച്ചയ്ക്ക് മുൻപ് ചടങ്ങുകൾ അവസാനിപ്പിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.കേരളത്തിലെ പ്രശസ്ത ക്ഷേത്രമായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ 2:30 മുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ പുലർച്ചെ 3:00 മണി മുതലും, ആലുവ മണപ്പുറത്ത് രാവിലെ 4:00 മുതൽ ചടങ്ങുകൾ ആരംഭിച്ചു. അതേസമയം, ആലുവ അദ്വൈതാശ്രമത്തിൽ പുലർച്ചെ 4:30 മുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലെല്ലാം കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *