പുരാവസ്തുതട്ടിപ്പ് കേസിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തുതട്ടിപ്പ് കേസിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഏഴുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെ. സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കും.അറസ്റ്റ് വേണ്ടിവന്നാൽ ജാമ്യമനുവദിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി എം.ടി. ഷെമീറാണ് പരാതിനൽകിയത്. സുധാകരൻ മോൻസന്റെ കൈയിൽനിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.സുധാകരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരായ യാക്കൂബ്, ഷമീർ, അനൂപ് അഹമ്മദ് എന്നിവരിൽ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാൻ ദില്ലിയിൽ പണം ചെലവഴിക്കണമെന്നും ഇതിനായി കെ സുധാകരൻ ഇടപെടുമെന്നും വിശ്വസിച്ചാണ് പരാതിക്കാരിൽ നിന്ന് മോൻസൻ മാവുങ്കൽ പണം കൈപ്പറ്റിയത്. 25 ലക്ഷം രൂപയാണ് ഇവർ മോൻസൻ മാവുങ്കലിന് നൽകിയത്. പണം നൽകുമ്പോൾ മോൻസനൊപ്പം കെ സുധാകരൻ ഉണ്ടായിരുന്നെന്നാണ് പരാതി. മോൻസൻ മാവുങ്കൽ, കെ സുധാകരന് പത്ത് ലക്ഷം രൂപ നൽകിയതായി മോൻസന്റെ ജീവനക്കാരും മൊഴി നൽകിയിരുന്നു.