അയര്‍ലന്‍ഡില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഡബ്ലിൻ: അയര്‍ലന്‍ഡില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അയർലൻഡിലെ കോർക്ക് സിറ്റിക്ക് സമീപം വിൽട്ടണിലെ കാർഡിനൽ കോർട്ട് റെസിഡൻഷ്യലിൽ ഏരിയയിലെ വീട്ടിൽ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ ദീപ ദിനമണി (38)യാണ് കൊല്ലപ്പെട്ടത്. വീട്ടിലെ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ച നിലയില്‍ ആയിരുന്നു.സംഭവത്തില്‍ ദീപയുടെ ഭർത്താവ് റിജിൻ (41) നെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഇവര്‍ക്ക് അഞ്ച് വയസുള്ള ഒരു മകനുണ്ട്. കുട്ടിയുടെ സംരക്ഷണത്തിന് ഫാമിലി ലെയ്സൺ ഓഫീസറെ നിയോഗിച്ചു.സ്റ്റേറ്റ് പത്തോളജിസ്റ്റ് ഓഫീസിൽ നിന്നുള്ള പ്രത്യേക സംഘം സംഭവസ്ഥലം പരിശോധിച്ച് കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുത്തു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇന്നലെ കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ദീപയുടെ സുഹൃത്തുക്കൾക്ക് ഒപ്പമായിരുന്ന മകൻ മടങ്ങി എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.കോർക്കിലെ ഒരു ഫണ്ട് സർവീസ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ലഭിച്ചതിനെ തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ദീപയും മകനും കാർഡിനൽ കോർട്ടിലെ വാടക വീട്ടിൽ താമസം തുടങ്ങിയത്.യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ അയർലൻഡിലെ ഇന്ത്യൻ എംബസിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കോർക്കിലെ മലയാളി അസോസിയേഷൻ അറിയിച്ചു.