ഇന്ത്യ എന്നും പലസ്തീനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കോഴിക്കോട്: ഇന്ത്യ എന്നും പലസ്തീനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ സാമ്രാജ്യത്വ ശക്തികൾ ഇസ്രയേലിനെ ഉപയോഗിച്ച് പലസ്തീനെ ആക്രമിച്ചതിൽ പ്രതിഷേധമുള്ളവരാണ് ഇന്ന് ഇവിടെ കൂടിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്വാതന്ത്ര്യ സമരം നടക്കുന്ന ഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യ പലസ്തീനൊപ്പമായിരുന്നു. വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് നമുക്കുണ്ടായിരുന്നു. നെഹ്റുവിന്റെ നയം ഏറെക്കാലം നമ്മൾ തുടർന്ന് വന്നു. പലസ്തീനെ മാത്രമേ നമ്മൾ അംഗീകരിച്ചുള്ളൂ. ഇസ്രായേലിനെ ഒരു രാജ്യം എന്ന നിലയ്ക്ക് നമ്മൾ കണ്ടിരുന്നില്ല. എന്നാൽ നരസിംഹ റാവുവിന്റെ കാലത്താണ് ഇസ്രായേലിനെ ഇന്ത്യ അംഗീകരിച്ച് തുടങ്ങിയത്. അമേരിക്കയുമായുള്ള ചങ്ങാത്തത്തിന്റെ ഫലമായിരുന്നു അത്. അന്ന് തുടക്കം കുറിച്ചതിന് ബിജെപി ഇപ്പോൾ ശക്തമായ രൂപം കൊടുത്തിരിക്കുന്നു. അമേരിക്കയുടെ സഖ്യരാഷ്ട്രമായി ബിജെപി ഇന്ത്യയെ മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഐക്യദാർഢ്യറാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തു.