നിങ്ങൾ ദിവസവും കഴിക്കുന്ന ചോറ് എങ്ങനെ കൊളെസ്ട്രോൾ ആയി മാറുന്നു

Spread the love

പലർക്കും തോന്നുന്ന ഒരു വലിയ തെറ്റിദ്ധാരണയുണ്ട് — “കൊളെസ്ട്രോൾ വർദ്ധിക്കുന്നത് എണ്ണയുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടാണ്!” അതെ, എണ്ണയും ഫ്രൈഡ് ഐറ്റങ്ങളും അതിന് കാരണമാകുന്നുണ്ടെങ്കിലും, ചോറ്, ബ്രെഡ്, ബിസ്‌ക്കറ്റ്, ചപ്പാത്തി, ചായക്കൊപ്പം കഴിക്കുന്ന മധുരമുള്ള വിഭവങ്ങൾ, മറ്റു carbohydrates അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവയും കൊളെസ്ട്രോൾ നിലയെ ബാധിക്കുന്ന കാര്യങ്ങൾ ആണു.. ചോറ് നേരിട്ട് കൊളെസ്ട്രോൾ അടങ്ങിയ ഒന്നല്ലെങ്കിലും, അതിൽ അടങ്ങിയ കാർബോഹൈഡ്രേറ്റ് (starch) ശരീരത്തിൽ ഗ്ലൂക്കോസായി മാറുന്നു. ആവശ്യത്തിൽ കൂടുതലായി കഴിച്ചാൽ, ആ ഗ്ലൂക്കോസ് ശരീരത്തിൽ ഫാറ്റായി, പ്രത്യേകിച്ച് ട്രൈഗ്ലിസറൈഡുകളായി, സംഭരിക്കപ്പെടും. രക്തത്തിലെ ട്രൈഗ്ലിസറൈഡ് അളവ് കൂടുമ്പോൾ അത് പിന്നീട് LDL (ചീത്ത കൊളെസ്ട്രോൾ) വർധിപ്പിക്കുകയും HDL (നല്ല കൊളെസ്ട്രോൾ) കുറയുകയും ചെയ്യും.അത് കൊണ്ട്, നിങ്ങൾ വെളിച്ചെണ്ണയോ എണ്ണയുള്ള കറികളോ ഒന്നുമില്ലാത്ത വെറും ചോറ് കൂടുതൽ ആയി കഴിച്ചാലും, അത് ശരീരത്തിൽ കൊളെസ്ട്രോൾ വർധനയ്ക്ക് വഴിയൊരുക്കാനിടയുണ്ട്. പ്രത്യേകിച്ച് നിങ്ങൾ ശാരീരികമായി ആക്റ്റീവ് അല്ലെങ്കിൽ (sedentary lifestyle), ചോറ്, അരി പലഹാരങ്ങൾ കൂടുതലായി കഴിക്കുന്നവരാണെങ്കിൽ, അല്ലെങ്കിൽ ഭക്ഷണത്തിൽ പ്രോട്ടീനും ഫൈബറും കുറവാണെങ്കിൽ, ഇതിന്റെ ദോഷഫലങ്ങൾ കൂടുതൽ പ്രകടമാകും.എന്ന് വെച്ച് ചോറ് പൂർണ്ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. എന്നാൽ അതിന്റെ അളവ് നിയന്ത്രിക്കണം. ഒരു പാത്രം നിറച്ച് കഴിക്കുന്നതിനുപകരം പകുതി അളവിൽ മതിയാകും (Maximum 10 Tablespoon) കൂടെ ഫൈബർ കൂടുതലുള്ള പച്ചക്കറികൾ ഉൾപ്പെടുത്തുക. പ്രോട്ടീൻ ഉറവിടങ്ങളായ മുട്ട, മീൻ, ഇറച്ചി,പരിപ്പ്, പയർവർഗങ്ങൾ എന്നിവയും ഉൾപ്പെടുത്തുന്നത് സഹായകരമാണ്. ദിവസവും കുറച്ച് ആക്റ്റീവ് ആയിരിക്കുക, നടക്കൽ പോലുള്ള ലളിതമായ ശാരീരിക ചലനങ്ങൾ ചെയ്യുക എന്നിവയും കൊളെസ്ട്രോൾ നിയന്ത്രണത്തിനായി പ്രധാനമാണ്.അവസാനമായി പറയേണ്ടത് ഇതാണ് – കൊളെസ്ട്രോൾ നിയന്ത്രണം തുടങ്ങേണ്ടത് എണ്ണകടികൾ ഒഴിവാക്കികൊണ്ടോ, അല്ലെങ്കിൽ മുട്ടയുടെ മഞ്ഞ ഒഴിവാക്കി കൊണ്ടോ അല്ല, നമ്മൾ ദിവസവും വയറു നിറയുവോളം കഴിക്കുന്ന കാർബ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളിൽ ആണു നമ്മൾ നിയന്ത്രണം വെക്കേണ്ടത്. ചോറ് കുറ്റവാളിയല്ല,അളവിലാണ് പ്രശ്നം. അധികമായാൽ അമൃതും വിഷം എന്നാണല്ലോ.

Leave a Reply

Your email address will not be published. Required fields are marked *