സുരക്ഷിതമെന്ന് കരുതി ജനം കുടിക്കുന്ന കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക് അംശം: ഫുഡ് സേഫ്ടി അതോറിറ്റി തീരുമാനമെടുക്കണമെന്ന് ഹൈകോടതി
തിരുവനന്തപുരംകുടിക്കാനുള്ള കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക് അംശം കലർന്നിട്ടുണ്ടെന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടി വേണമെന്ന ആവശ്യത്തിൽ ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ഏറെ സുരക്ഷിതമെന്ന് കരുതി ജനങ്ങൾ കുടിക്കുന്ന കുപ്പിവെള്ളത്തിൽ മൈക്രോ, നാനോ പ്ലാസ്റ്റിക് അംശങ്ങൾ കലർന്നിട്ടുള്ളതായി ദേശീയ, അന്തർദേശീയ തലങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ നൽകിയ ഹരജിയിലാണ് നിർദേശം. ഇതുസംബന്ധിച്ച് എഫ്.എസ്.എസ്.എ.ഐക്ക് നൽകിയ നിവേദനത്തിൽ നടപടിയെടുക്കാനാണ് നിർദേശം.പ്ലാസ്റ്റിക് ബോട്ടിലിൽനിന്നുതന്നെ വിവിധ പ്രക്രിയകൾക്കിടെ പല ഘട്ടങ്ങളിലായി പ്ലാസ്റ്റിക്ക് വെള്ളത്തിൽ കലരുന്നുവെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. തുടർച്ചയായി ഈ വെള്ളം ഉപയോഗിക്കുന്നത് തലച്ചോറിനെയും കരളിനെയും വൃക്കകളെയും ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കുപ്പിയുടെ പുറത്ത് മുന്നറിയിപ്പ് രേഖപ്പെടുത്താൻ നിർദേശിക്കാതെ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ വെള്ളം തുടർച്ചയായി കുടിക്കാൻ അനുവദിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനുള്ള പൗരന്‍റെ ഭരണഘടനാപരമായ അവകാശത്തിന്‍റെ ലംഘനമാണ്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അപകടകരമായ സ്ഥിതി ഉപഭോക്താക്കളെ അറിയിക്കാനും വെള്ളത്തിലെ പ്ലാസ്റ്റിക് സാന്നിധ്യം ഇല്ലാതാക്കാൻ നടപടിയെടുക്കാനും എഫ്.എസ്.എസ്.എ.ഐക്ക് നിർദേശം നൽകണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് നൽകിയ നിവേദനത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും വ്യക്തമാക്കി. തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചത്.

