അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗ്രേഡിംഗ് നടപ്പാക്കുമെന്ന് : മന്ത്രി

Spread the love

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഗ്രേഡിംഗ് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളിലെ വിജയശതമാനം, കലാ കായിക രംഗങ്ങളിലെ പ്രവര്‍ത്തനം, അച്ചടക്കം, സാമൂഹിക വിഷയങ്ങളിലെ ഇടപെടല്‍ തുടങ്ങി അന്‍പതോളം വിഷയങ്ങളിലെ പ്രകടനം വിലയിരുത്തി സ്‌കൂളുകള്‍ക്ക് ഗ്രേഡ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തില്‍ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന എംഎല്‍എ എഡ്യുകെയര്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.സ്‌കൂളുകള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ നിലവാരം മെച്ചപ്പെടുത്തുകയാണ് ഗ്രേഡിംഗിലൂടെ ലക്ഷ്യമിടുന്നത്. അധ്യാപക സംഘടനകളോടും രാഷ്ട്രീയപാര്‍ട്ടികളോടും ഇത് സംബന്ധിച്ച ചര്‍ച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രക്ഷാകര്‍ത്താക്കളെയും കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള സമഗ്ര വിദ്യാഭ്യാസ സൗഹൃദ പദ്ധതിയാണ് എംഎല്‍എ എഡ്യുകെയര്‍. ഓരോ വിദ്യാര്‍ത്ഥിയുടെയും വിദ്യാഭ്യാസ പുരോഗതിയില്‍ ജനപ്രതിനിധി നേരിട്ട് ഇടപെട്ടുകൊണ്ട് കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പദ്ധതി.വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ഒരു സമാര്‍ട്ട് പിടിഎ ഒരുക്കുകയാണ് ലക്ഷ്യം. മണ്ഡലത്തിലെ 59 സ്‌കൂളുകള്‍ക്കും 25000 ത്തോളം വിദ്യാര്‍ഥികള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. പാരന്റല്‍ കെയര്‍, ടീച്ചര്‍ മെന്ററിംഗ് എന്നിവ ഉള്‍പ്പെടുത്തി ഒരു ഹൈബ്രിഡ് അക്കാഡമിക് കണ്ടിന്യൂയിറ്റി സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൈക്കാട് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ മാധവ ദാസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി സി കൃഷ്ണകുമാര്‍, ഐഒസി ജനറല്‍ മാനേജര്‍ സഞ്ജീവ് ബഹ്റ, മറ്റ് ഉദ്യോഗസ്ഥര്‍, പ്രഥമാധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *