കോവളത്ത് ടൂറിസ്റ്റ് ബസ് അപകടം
*കോവളം* : രാജസ്ഥാനിൽ നിന്ന് കോവളം കാണാനെത്തിയവർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം തെറ്റി മുന്നിൽ പോകുകയായിരുന്ന ടൂറിസ്റ്റ് ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ 26 പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ടൂർ പാക്കേജിൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയ സംഘം പല ബസുകളിലായി വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് കോവളം ഗ്രോവ് ബീച്ചിലേക്ക് വന്നത്. ബീച്ചിലെത്തുന്നതിന് മുമ്പ് ലീലാ ഹോട്ടലിനു സമീപം ഇറക്കമുള്ള ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. മുന്നിൽ പോകുകയായിരുന്ന ലക്ഷ്‌മി എന്ന ടൂറിസ്റ്റ് ബസ് എതിരേ വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാൻ ബ്രേക്കിട്ടപ്പോൾ പിന്നാലെ വന്ന ഏഷ്യൻ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.ഏഷ്യൻ ബസിന്റെ മുൻഭാഗവും ലക്ഷ്‌മി ബസിന്റെ പിൻഭാഗവും തകർന്നു. ഇടിയുടെ ആഘാതത്തിൽ ഇരുബസുകളിലുമായി 26 പേർക്ക് പരിക്കേറ്റു. രണ്ടുപേർക്ക് തലയ്‌ക്കും ഒരാളിന് പല്ലിനും പരിക്കുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കോവളം പൊലീസ് മൂന്ന് 108 ആംബുലൻസുകളിലായി പരിക്കേറ്റവരെ വിഴിഞ്ഞം ആശുപത്രിയിലും തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഗ്രോവ് ബീച്ച് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തുടർന്ന് ക്രെയിനെത്തി അപകടത്തിൽപ്പെട്ട ബസിനെ നീക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കോവളം പൊലീസ് പറഞ്ഞു.