പാര്‍ലമെന്റംഗങ്ങളുടെ പ്രാദേശികവികസന ഫണ്ട് ഇനി കേന്ദ്രസർക്കാരിന്റെ നിരീക്ഷണത്തിൽ
ന്യൂഡല്‍ഹി: പാര്‍ലമെന്റംഗങ്ങളുടെ പ്രാദേശികവികസന ഫണ്ട് (എം.പി.ലാഡ്) ഇനി കേന്ദ്രസര്‍ക്കാരിന്റെ തത്സമയനിരീക്ഷണത്തില്‍.കേന്ദ്ര നോഡല്‍ ഏജന്‍സിയുടെ അക്കൗണ്ടില്‍നിന്ന് പദ്ധതി നടപ്പാക്കുന്നവര്‍ക്ക് (വെണ്ടര്‍) നേരിട്ടാണ് പണമെത്തുക. ഏഴുവര്‍ഷത്തിനുശേഷം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ എം.പി.ലാഡ് മാര്‍ഗരേഖയിലാണ് ഫണ്ടിന്റെ മാപ്പിങ് നിര്‍ബന്ധമാക്കിയത്. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ മാര്‍ഗരേഖയും ഇതിനായുള്ള പോര്‍ട്ടലും നിലവില്‍വരും.കേന്ദ്ര സ്ഥിതിവിവരമന്ത്രാലയത്തിലെ എം.പി.ലാഡ് ഡിവിഷനുകീഴിലുള്ള പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനെ കേന്ദ്ര നോഡല്‍ ഏജന്‍സിയായി നിയോഗിച്ചു. എം.പി.ലാഡ് ഫണ്ട് കൈകാര്യംചെയ്യാനായിമാത്രം ഇവര്‍ ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കില്‍ കേന്ദ്ര നോഡല്‍ അക്കൗണ്ട് തുറക്കും. ഇതിലേക്കുവരുന്ന ഫണ്ടില്‍ ബാക്കിയുള്ളത് കേന്ദ്ര സഞ്ചിതനിധിയിലേക്ക് തിരിച്ചുപോകില്ല. മറിച്ച് അടുത്തവര്‍ഷത്തേക്ക് കൈമാറും.പദ്ധതി നടപ്പാക്കുന്ന സംസ്ഥാന, ജില്ലാ അതോറിറ്റികളും പാര്‍ലമെന്റ് അംഗങ്ങളും ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കില്‍ സബ്സിഡിയറി അക്കൗണ്ട് തുടങ്ങണം. ജില്ലാ നോഡല്‍ അതോറിറ്റിക്ക് അധികമായി സബ്സിഡിയറി അക്കൗണ്ടുകള്‍ തുടങ്ങണമെങ്കില്‍ കേന്ദ്ര നോഡല്‍ ഏജന്‍സിയുടെ അനുമതിവാങ്ങണംകേന്ദ്ര ഏജന്‍സിമുതല്‍ ഏറ്റവുംതാഴെയുള്ള ഏജന്‍സിയുടെവരെ അക്കൗണ്ടുകള്‍ പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റവുമായി (പി.എഫ്.എം.എസ്.) നിര്‍ബന്ധമായും ബന്ധിപ്പിച്ചാണ് മാപ്പിങ് നടപ്പാക്കുക. എല്ലാ അക്കൗണ്ടുകളും പി.എഫ്.എം.എസില്‍ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തണം. ഇതിലെ വിവരങ്ങള്‍ ബാങ്കുകളുടെ വെബ് പോര്‍ട്ടലുകള്‍വഴി തത്സമയം പുതുക്കണം.സംസ്ഥാന, ജില്ലാ നോഡല്‍ അധികൃതരുടെയും നടത്തിപ്പ് ഏജന്‍സിയുടെയും സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ പണം കൈമാറാനുള്ള വഴിയൊരുക്കാന്‍മാത്രമേ ഉപയോഗിക്കൂ. ഇവരുടെ നിലവിലുള്ള അക്കൗണ്ടുകളെല്ലാം ക്ലോസ് ചെയ്ത് ബാക്കിയുള്ള തുക കേന്ദ്ര നോഡല്‍ അക്കൗണ്ടിലേക്ക് മാറ്റണം.ജില്ലാ നോഡല്‍ ഏജന്‍സികള്‍ക്ക് പണം പിന്‍വലിക്കാനുള്ള പരിധി കേന്ദ്ര നോഡല്‍ ഏജന്‍സി നിശ്ചയിക്കും. സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തിലോ പാര്‍ലമെന്റംഗത്തിന്റെ കാലാവധി തുടങ്ങുമ്പോഴോ ആയിരിക്കുമിത്. പിന്‍വലിക്കല്‍പരിധി ഉയര്‍ത്തുന്നത് ഓരോ കേസും വെവ്വേറെ പരിശോധിച്ച് കേന്ദ്ര നോഡല്‍ ഏജന്‍സിയായിരിക്കും. പദ്ധതികളുടെ നടത്തിപ്പ് ഏജന്‍സികളില്‍നിന്നുള്ള യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര നോഡല്‍ ഏജന്‍സിക്ക് നേരിട്ടുനല്‍കണം.