മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ വന്‍തട്ടിപ്പ്
ഒത്താശയോടെ ഇടനിലക്കാര്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ വന്‍തട്ടിപ്പ്. സമ്പന്നരായ വിദേശമലയാളികള്‍ക്ക് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണമനുവദിച്ചു. വ്യാപകമായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചാണ് തട്ടിപ്പെന്നും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി.ഏറ്റവും പാവപ്പെട്ടവര്‍ക്കുള്ള സഹായമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നല്‍കുന്നത്. കുറ്റമറ്റ രീതിയില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമാണ് സഹായം അനുവദിക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. പക്ഷേ ഓപ്പറേഷന്‍ സിഎംഡിആര്എഫില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന തട്ടിപ്പാണ്. എറണാകുളം ജില്ലയില്‍ സമ്പന്നരായ 2 വിദേശ മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു് സഹായം കിട്ടി. എറണാകുളത്ത് പണമനുവദിച്ച പ്രവാസികളിലൊരാള്‍ക്ക് 2 ആഡംബര കാറുകളും വലിയ കെട്ടിടവുമുണ്ട്. ഭാര്യ അമേരിക്കയില്‍ നഴ്‌സാണ്. രണ്ട് ലക്ഷം വരുമാന പരിധിയിലുള്ളവര്‍ക്കാണ് സഹായം അനുവദിക്കുക എന്നിരിക്കെയാണ് കുത്തഴിഞ്ഞ തട്ടിപ്പ്.തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഏജന്റ് നല്‍കിയ 16 അപേക്ഷകളിലും സഹായം നല്‍കി. കരള്‍ രോഗിക്ക് ചികിത്സ സഹായം നല്‍കിയത് ഹൃദ്രോഗിയാണെന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍. പുനലൂര്‍ താലൂക്കിലെ ഒരു ഡോക്ടര്‍ നല്‍കിയത് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍. കരുനാഗപ്പള്ളിയില്‍ ഒരു കുടുംബത്തിലെ നാലു പേരുടെ പേരില്‍ രണ്ട് ഘട്ടമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി പണം വാങ്ങി. കോട്ടയം മുണ്ടക്കയം സ്വദേശിക്ക് കരള്‍ രോഗത്തിനാണ് പണം അനുവദിച്ചത്. പക്ഷേ ഹാജരാക്കിയത് എല്ലുരോഗ വിദഗ്ദന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്. കോട്ടയത്തും ഇടുക്കിയലും ഇയാള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പണംതട്ടി.സംസ്ഥാനത്ത് ഉടനീളം ഡോക്ടര്‍മാരും ഇടനിലക്കാരും ഏജന്റുമാരും അടങ്ങുന്ന വന്‍ തട്ടിപ്പ് ശൃംഖല തന്നെ പണം കൈക്കലാക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. വ്യാജ സര്‍ട്ടിഫിക്കറ്റ് വെച്ച് ഉദ്യോഗസ്ഥ ഒത്താശയോടെ അസുഖമില്ലാത്തവരുടെ പേരിലും പണം തട്ടുന്നത് ഒരുരീതി. അര്‍ഹതപ്പെട്ടവരുടെ കാര്യത്തിലാകട്ടെ ഇടനിലക്കാരുടെ ബാങ്ക് അക്കൗണ്ടും വിവരങ്ങളും നല്‍കിയാണ് പണം തട്ടുന്നത്. ശക്തമായ തുടര്‍നടപടികളിലേക്ക് പോകാനാണ് വിജിലന്‍സിന്റെ തീരുമാനം.