തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലോറികള്‍ മോഷ്ടിച്ചു; നാലുപേർ പിടിയിൽ
കാസർകോട് മഞ്ചേശ്വരത്ത് ഡ്രൈവർമാർക്കെതിരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലോറികൾ മോഷ്ടിച്ച നാല് പേർ പൊലീസ് പിടിയിൽ. അറസ്റ്റിലായ കാസർകോട് സ്വദേശികൾക്ക് അധോലോക ബന്ധമുള്ളതായി സംശയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. നാല് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. ചെങ്കൽ കയറ്റിവന്ന ലോറികളുമായാണ് മോഷ്ടാക്കൾ കടന്നു കളഞ്ഞത്. ലോറി ഡ്രൈവർമാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് ലോറികൾ കൈക്കലാക്കിയത്. വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം പൊലീസ് മോഷ്ടാക്കളെ പിന്തുടർന്നു. പൊലീസുകാർക്കെതിരെയും മോഷ്ടാക്കൾ തോക്ക് ചൂണ്ടിയെങ്കിലും സാഹസികമായി അവരെ കീഴടക്കുകയായിരുന്നു. മുംബൈ സ്വദേശി രാകേഷ് കിഷോർ, മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് സഫാൻ , ഇബ്രാഹിം സയ്യാഫ്, ഹൈദരലി എന്നിവരാണ് പിടിയിലായത്.പിടിയിലായവർക്ക് കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുമായടക്കം ബന്ധമുള്ളതായി സംശയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മോഷ്ടാക്കളുടെ സംഘത്തിലെ മറ്റു രണ്ട് പേർക്കായി പൊലിസ് തിരച്ചിൽ തുടങ്ങി.