കേരളത്തിൽ നിന്ന് പുതിയൊരിനം പാമ്പ് കൂടി
വയനാട് : കേരളത്തിൽ നിന്ന് പുതിയൊരിനം പാമ്പ് കൂടി. ശരീരത്തിലെ ചുവപ്പും കറുപ്പും നിറങ്ങൾ കണക്കിലെടുത്തു കൊണ്ട് ചെങ്കറുപ്പൻ എന്നാണ് പേര് നൽകിയിട്ടുള്ളതും. വയനാട് മലനിരകളിലെ മലമുകളിൽ മാത്രമാണ് ഇവയെ കാണുന്നത്. കുറിച്യർമല , വെള്ളരിമല മലനിരകളിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ബെംഗളൂരു അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയൺമെന്റിലെ ഗവേഷകൻ സൂര്യനാരായണൻ, കാലിക്കറ്റ് സർവകലാശാലാ ജന്തുശാസ്ത്രവിഭാഗം പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഡോ. സന്ദീപ് ദാസ്, സ്വതന്ത്രഗവേഷകൻ പി. ഉമേഷ്, സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലേ ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, നൈസർ ഒഡിഷയിലെ ഡോ. അവ്രജ്ജൽ ഘോഷ്, ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഡോ. ഡേവിഡ് ഗോർ, ന്യൂകാസിൽ സർവകലാശാലാ ഗവേഷകൻ ഡോ. വി. ദീപക്, എന്നിവരാണ് പഠനത്തിനുപിന്നിൽ.ചുവപ്പുനിറവും കറുത്ത പാടുകളുമാണ് പേരിനുകാരണം. നാലെണ്ണത്തിനെ വെള്ളരിമല യിലും രണ്ടെണ്ണത്തിനെ കുറി ച്യർമലയിലും കണ്ടെത്തി. 2010ൽ പഠനത്തിൻ്റെ ഭാഗമായി കുറിച്യർ മലയിലെത്തിയ ഡോ. മുഹമ്മദ് ജാഫർ പാലോട്ടാണ് ആദ്യമായി പാമ്പിനെ കണ്ടത്. പിന്നീട് പുതിയ ഇനമാണെന്ന് തിരിച്ചറിഞ്ഞ് നൂറോളം തവണ പഠനസംഘത്തിലെ പലരും നടത്തിയ തിരിച്ചിലിലാണ് വീണ്ടും കാണപ്പെട്ടത്. അപൂർവമായി മണ്ണിനടിയിൽ നിന്ന് പുറത്തുവരുന്നതിനാലും 34 സെന്റീമീറ്റർ മാത്രം നിളമുള്ളതിനാലുമാണ് കണ്ടെത്താൻ വർഷങ്ങളെടുത്തത്. വിഷമില്ലാത്ത പാമ്പിന്റെ പ്രധാന ഭക്ഷണം മണ്ണിരയാണ്. പരെയ്ഡെ (Pareidae) കുടുംബ ത്തിലെ (Xylophis) ജനുസ്സിലെ ആറാമത്തെ ഇനമാണിത്. ഇതോടെ കേരളത്തിൽ ആകെ 131 ഇനം പാമ്പുകളായി.