വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചതിന് പണം നൽകിയില്ല; പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസിലെ വസ്തുക്കള്‍ ജപ്തി ചെയ്യാന്‍ ഉത്തരവ്
പാലക്കാട് റെയില്‍വേ ഡിവിഷന് കീഴിലെ റെയില്‍വേ സ്റ്റേഷനുകളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ച കമ്പനി ബില്‍ തുക കിട്ടാത്തതിനെ തുടര്‍ന്ന് റെയില്‍വേയുടെ വസ്തുക്കള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസിലെ കസേര, മേശ, എ സി, കമ്പ്യൂട്ടര്‍ തുടങ്ങിയവ ജപ്തി ചെയ്യാനാണ് കോടതി ഉത്തരവ് നൽകിയത്.
ബിൽ തുക കിട്ടാത്തതിനെ തുടർന്ന് കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തേ എം എസ് എം ഇ ഫെസിലിറ്റേഷന്‍ കൗണ്‍സില്‍ റെയില്‍വേ സ്വകാര്യ കമ്പനിക്ക് തുക നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ റെയില്‍വേ ചെന്നൈ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളുകയായിരുന്നു.
തുടര്‍ന്ന് ചെറിയ തുക മാത്രമാണ് കമ്പനിക്ക് റെയില്‍വേ നല്‍കിയത്. ഇതിന് ശേഷം മുഴുവന്‍ തുകയും കണ്ടെത്താന്‍ വേണ്ടി കമ്പനി പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചു. കഴിഞ്ഞ 25നാണ് കോടതി റെയില്‍വേയുടെ വസ്തുക്കള്‍ ജപ്തി ചെയ്തു വില്‍പ്പന നടത്തി കമ്പനിക്ക് പണം നല്‍കാന്‍ ഉത്തരവിട്ടത്. രാജ്യത്ത് നിന്ന് റെയിൽവേക്ക് വലിയ വരുമാനം ലഭിക്കുന്ന ഡിവിഷനാണ് പാലക്കാട്.