സര്‍വകലാശാലയിലെ താത്കാലിക വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കില്ലെന്ന് ഗവര്‍ണര്‍
ന്യൂഡല്‍ഹി: കേരള സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് ആരില്‍നിന്നും നിയമോപദേശം തേടിയിട്ടില്ലെന്നും ഗവര്‍ണര്‍ അറിയിച്ചു.താത്കാലിക വി.സി. ഡോ. സിസാ തോമസിനെ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ല. അതിനാല്‍ താന്‍ അപ്പീല്‍ നല്‍കേണ്ട കാര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഹൈക്കോടതി വിധി സംബന്ധിച്ച ആശയക്കുഴപ്പം മാധ്യമങ്ങള്‍ക്കാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.താത്കാലിക വി.സി. നിയമനത്തിന് സര്‍ക്കാര്‍ നല്‍കിയ മൂന്നംഗ പാനലില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടി കേരളത്തില്‍ എത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഹൈക്കോടതി വിധിക്കെതിരേ ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന അഭ്യൂഹങ്ങളുടെ സാഹചര്യത്തില്‍ കേരളം തടസ്സഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തങ്ങളുടെ വാദം കേള്‍ക്കാതെ ഈ കേസുമായി ബന്ധപ്പെട്ട് ഒരു ഇടക്കാല ഉത്തരവും പുറപ്പടുവിക്കരുത് എന്ന് ആവശ്യപ്പെട്ടായിരുന്നു തടസ്സഹര്‍ജി.