മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബു രാജിവെച്ചു

Spread the love

കൊച്ചി : മലയാള സിനിമാ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കയില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബു രാജിവെച്ചു. നേതൃത്വത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചാണ് ആഷിഖ് അബുവിന്റെ പടിയിറക്കം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലടക്കം നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നുവെന്ന് ആഷിഖ് അബു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഫെഫ്ക നേതൃത്വത്തിനെതിനെതിരെ ഗുരുതര പരാതി ഉന്നയിച്ചാണ് ആഷിഖ് അബുവിന്റെ പടിയിറക്കം. തന്റെ പ്രതിഫലത്തില്‍ നിന്ന് നേതൃത്വം കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്ന് ആഷിഖ് ആരോപിച്ചു. 20 ശതമാനം കമ്മീഷനു വേണ്ടി സിബി മലയിലും വാശി പിടിച്ചു. താനും സിബി മലയിലും തമ്മില്‍ വാക് തര്‍ക്കം ഉണ്ടായി. നിര്‍ബന്ധ പൂര്‍വ്വം വാങ്ങിയ തുക ഒടുവില്‍ തിരികെ തന്നുവെന്നും ആഷിഖ് അബു വ്യക്തമാക്കി.ആഷിഖ് അബു പങ്കുവെച്ച വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണ്ണ വിവരങ്ങള്‍‘2009 ഒക്ടോബറില്‍ ഫെഫ്ക രൂപീകരിക്കുന്ന സമയം മുതല്‍ ഞാന്‍ ഈ സംഘടനയില്‍ അംഗമാണ്. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ സംവിധായകരുടെ യൂണിയന്‍ എക്‌സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടോ മൂന്നോ എക്‌സിക്യൂട്ടീവ് യോഗങ്ങളില്‍ പങ്കെടുത്തിട്ടും ഉണ്ട്. 2012ല്‍ ഒരു സിനിമയുടെ നിര്‍മാതാവില്‍ നിന്ന് ലഭിക്കേണ്ട പണം സംബന്ധിച്ച എന്റെ പരാതിയില്‍ യൂണിയന്‍ ഇടപെട്ടത് തികച്ചും അന്യായമായാണ്. അതേ നിര്‍മ്മാതാവിന്റെ മറ്റൊരു ചിത്രം നിര്‍മ്മാണത്തില്‍ ഇരിക്കെയാണ് ഞാനും ഇതേ പരാതിയുള്ള തിരക്കഥാകൃത്തുക്കളും പരാതി സംഘടനയില്‍ ഉയര്‍ത്തിയത്’.‘എന്നാല്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ഇതേ നിര്‍മ്മാതാവിന്റെ സിനിമയുടെ റിലീസ് സമയത്തും fefkaയില്‍ നിന്ന് ഈ തുകക്കുവേണ്ടി സമ്മര്‍ദം ഉണ്ടായില്ല. ഏറെ വൈകി അവകാശപ്പെട്ട തുകയുടെ പകുതി മാത്രമാണ് ലഭിച്ചത്. പരാതിയില്‍ഇടപെട്ട സംഘടന ഞങ്ങള്‍ക്കവകാശപെട്ട തുകയുടെ 20 ശതമാനം കമ്മീഷനായി വേണം എന്നാവശ്യപ്പെട്ടു. ലഭിച്ച തുകയില്‍ നിന്ന് 20 ശതമാനം ആവശ്യപ്പെട്ടു ഫെഫ്കയുടെ ഓഫീസില്‍ നിന്ന് ഒരു ദിവസം ലഭിച്ചത് 3 ഫോണ്‍ കോളുകള്‍’.‘വരിസംഖ്യയും ലെവിയും അടക്കുന്ന അംഗങ്ങളോട് 20 ശതമാനം കമ്മിഷന്‍ ആവശ്യപ്പെടുന്നത് അനീതിയാണെന്ന് ശ്രി സിബി മലയിലിനോട് ഞാന്‍ തര്‍ക്കം ഉന്നയിച്ചു. അതെ തുടര്‍ന്ന് ഞാനും സിബി മലയിലും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പണം കൊടുക്കണം എന്ന ഉറച്ച നിലപാടില്‍ സിബി മലയില്‍. തൊഴിലാളി സംഘടന പരാതിയില്‍ ഇടപെടുന്നതിന് കമ്മീഷന്‍ ചോദിക്കുന്നത് അനീതിയാണെന്ന് പറഞ്ഞ എന്നോട് നിര്‍ബന്ധപൂര്‍വം പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടു. മനസില്‍ ശപിച്ചുകൊണ്ട് ഞാന്‍ ചെക് എഴുതി കൊടുത്തുവിട്ടു. ഞാന്‍ മിണ്ടാതിരിക്കില്ല എന്ന് ബോധ്യം വന്നതുകൊണ്ടാണോ അതോ ചോദ്യം ചെയ്യപ്പെട്ടതില്‍ ഉള്ള പ്രതിഷേധമോ പിണക്കമോ കൊണ്ടാണോ എന്നറിയില്ല സിബി മലയില്‍ എന്റെ ചെക്ക് തിരിച്ചയച്ചു. എന്റെ കൂടെ പരാതിപെട്ട എഴുത്തുകാരായ മറ്റു രണ്ടുപേരുടെ പക്കലില്‍ നിന്ന് 20 ശതമാനം ‘ സര്‍വീസ് ചാര്‍ജ് ‘ സംഘടന വാങ്ങി. എനിക്ക് നിര്‍മാതാവില്‍ നിന്ന് ലഭിക്കേണ്ട ബാക്കി 50 ശതമാനം തുകയുടെ കാര്യത്തില്‍ പിന്നീട് സംഘടന ഇടപെട്ടില്ല. ഇപ്പോഴും ആ പണം എനിക്ക് കിട്ടിയിട്ടില്ല’.‘ഈ ഘട്ടത്തില്‍ തന്നെ ഞാന്‍ സംഘനയില്‍ നിന്നും അകന്നു. ഒരു തൊഴിലാളി സംഘടന എന്ന നിലയില്‍ വീണ്ടും വരി വരിസംഖ്യയും ലെവിയും അടക്കുന്ന അംഗമായി തുടര്‍ന്ന് പോന്നു. എന്നാല്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പിന്നെ ഈ സംഘടനയുടെ കുറ്റകരമായ മൗനം, പിന്നീട് പത്രകുറിപ്പെന്ന പേരില്‍ പുറത്തിറങ്ങുന്ന കുറച്ചു വാചക കസര്‍ത്തുകള്‍, ‘ പഠിച്ചിട്ടു പറയാം ‘ ‘ വൈകാരിക പ്രതികരണങ്ങള്‍ അല്ല വേണ്ടത് എന്ന നിര്‍ദേശം ‘ എന്നിവയൊക്കെ ഒരംഗം എന്ന നിലയില്‍ എന്നെ ഏറെ നിരാശപ്പെടുത്തി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ഈ സംഘടനയും വിശിഷ്യാ നേതൃത്വവും പരാജയപ്പെട്ടിരിക്കുന്നു’.‘നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജിവെക്കുന്നതായി അറിയിക്കുന്നു’.

Leave a Reply

Your email address will not be published. Required fields are marked *