മുഖ്യമന്ത്രി പിണറായി വിജയനോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച കേസില്‍ പ്രതിയെ കാട്ടാക്കട പോലീസ് പിടികൂടി
കാട്ടാക്കട : മുഖ്യമന്ത്രി പിണറായി വിജയനോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച കേസില്‍ പ്രതിയെ കാട്ടാക്കട പോലീസ് പിടികൂടി. കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശി അജയകുമാര്‍ ആണ് പിടിയിലായത്. 100 കോടി രൂപ അക്കൗണ്ടില്‍ ഇടണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രിയും മരുമകനും പണി വാങ്ങും എന്നായിരുന്നു സന്ദേശം.രണ്ടാഴ്ച മുമ്പാണ് ഭീഷണി സന്ദേശം വന്നത്. സന്ദേശമയക്കാന്‍ ഉപയോഗിച്ച ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളില്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് അജയകുമാര്‍.മുന്‍പ് വിമുക്ത ഭടന്റെ വീട്ടില്‍ കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും കുട്ടിയുടെ കഴുത്തില്‍ കത്തി വച്ചു ഭീഷണി മുഴക്കുകയും വീടിന് തീ ഇടുകയും ചെയ്ത കേസില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കാട്ടാക്കട ഡിവൈഎസ് പി എന്‍ ഷിബുവിന്റെ നേതൃത്വത്തില്‍ കാട്ടാക്കട ഇന്‍സ്‌പെക്ടര്‍ ഷിബുകുമാര്‍, എസ് ഐ ശ്രീനാഥ് , എ എസ് ഐ സന്തോഷ് കുമാര്‍ എന്നിവരുടെ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.