വിതുര-കൊപ്പം റോഡിന്റെ നവീകരണത്തിന് തുടക്കമായി

Spread the love

ദുരിതയാത്രയ്ക്ക് വിരാമമിട്ട് വിതുര-കൊപ്പം ഹൈസ്‌കൂൾ ജംഗ്ഷൻ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2022-2023 വർഷത്തെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപയാണ് നവീകരണ പ്രവർത്തങ്ങൾക്കായി അനുവദിച്ചിരിക്കുന്നത്. വിതുര താലൂക്ക് ആശുപത്രി, പഞ്ചായത്ത് ഓഫീസ്, ട്രഷറി, വിതുര ഗവൺമെന്റ് യു.പി.എസ്, ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവ സ്ഥിതി ചെയ്യുന്ന പ്രധാന പാതയുടെ വികസനം നാടിന്റെ മുഖഛായ മാറ്റുമെന്ന് എം. എൽ. എ പറഞ്ഞു. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ പാലോട് റോഡിൽ നിന്നും പൊന്മുടി സംസ്ഥാന പാതയിലേക്കുള്ള യാത്ര സുഗമമാകും. പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചാലുടൻ റോഡ് അത്യാധുനിക രീതിയിൽ ടാറിംഗ് നടത്തുമെന്നും എം.എൽ.എ അറിയിച്ചു. ചടങ്ങിൽ കെ ഫോൺ സേവനത്തിന്റെ പഞ്ചായത്തു തല ഉദ്ഘാടനവും ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. വിതുര ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *