വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു

Spread the love

തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. നിഖിൽ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. നിഖിലിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്.അതേസമയം, സംഭവത്തില്‍ സിപിഎം പാർട്ടി നേതാവിന്‍റെ ഇടപെടൽ കാരണമാണ് നിഖിലിന് പ്രവേശനം നൽകിയതെന്ന് കായംകുളം എംഎസ്എം കോളേജ് മാനേജർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രവേശന സമയപരിധി കേരള സർവകലാശാല നീട്ടിയതും കോളേജ് മാനേജ്മെന്റ് ആവശ്യപ്പെട്ടതിനെയും തുടർന്നാണ് നിഖിലിന് പ്രവേശനം നൽകിയതെന്ന് മുൻ പ്രിൻസിപ്പൽ വെളിപ്പെടുത്തിയതോടെ ഉന്നത ഇടപെടൽ നടന്നെന്ന സംശയം കൂടുതൽ ബലപ്പെട്ടു. നേതാവിന്‍റെ പേര് പറഞ്ഞില്ലെങ്കിലും സിപിഎമ്മിനെ ആകെ വെട്ടിലാക്കുന്നതാണ് എംഎസ്എം കോളേജ് മാനേജറുടെ പ്രതികരണം. നിഖിലിൻ്റെ പ്രവേശനത്തിന് കായംകുളത്തെ സിപിഎമ്മിലെ പ്രമുഖ നേതാവ് ഇടപെട്ടെന്ന ആക്ഷേപം തുടക്കം മുതൽ സജീവമാണ്. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം കൂടിയായ കെ എച്ച് ബാബുജാനാണ് പിന്നിലെന്ന ആരോപണം പ്രതിപക്ഷം നേരത്തെ ഉയർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *