ബ്രഹ്‌മപുരം തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതി രൂപവത്കരിച്ചു

Spread the love

കൊച്ചി: ബ്രഹ്‌മപുരം തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതി രൂപവത്കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന കണ്‍വീനറായ സമിതിയാണ് രൂപവത്കരിച്ചത്.ഇപ്പോഴുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍, അതില്‍ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നവ, ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍, അവ സൃഷ്ടിക്കുന്ന ഘടകങ്ങള്‍, വെള്ളത്തിലോ മണ്ണിലോ മനുഷ്യ ശരീരത്തിലോ ഭക്ഷ്യ ശൃംഖലയിലോ ഉണ്ടോയെന്നും ഉണ്ടാകാനിടയുണ്ടോയെന്നും സമിതി പരിശോധിക്കും. ടേംസ് ഓഫ് റഫറന്‍സ് പ്രകാരമുള്ള സമഗ്രമായ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം വിദഗ്ധ സമിതി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.ആരോഗ്യ സര്‍വകലാശാല പ്രോ-വി.സി. ഡോ. സി.പി. വിജയന്‍, സി.എസ്.ഐ.ആര്‍., എന്‍ഐഐഎസ്ടി സീനിയര്‍ സയന്റിസ്റ്റ് ഡോ. പ്രതീഷ്, മഞ്ചേരി മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ടി.എസ്. അനീഷ്, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പള്‍മണറി മെഡിസിന്‍ വിഭാഗം അസോ. പ്രൊഫസര്‍ ഡോ. സഞ്ജീവ് നായര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്‍ഡോ ക്രൈനോളജി വിഭാഗം പ്രൊഫസര്‍ ഡോ. പി.കെ. ജബ്ബാര്‍, കൊച്ചി അമൃത ഹോസ്പിറ്റല്‍ പീഡിയാട്രിക് പ്രൊഫസര്‍ (റിട്ട) ഡോ. സി. ജയകുമാര്‍, ചെന്നൈ സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് റീജണല്‍ ഡയറക്ടര്‍ ഡോ. എച്ച്.ഡി. വരലക്ഷ്മി, എസ്.എച്ച്.എസ്.ആര്‍.സി. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ജിതേഷ് എന്നിവരാണ് അംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *