മാലിന്യമുക്തം നവകേരളം: കെഎസ്ആര്‍ടിസിയില്‍ അത്ഭുതകരമായ മാറ്റമെന്ന് മന്ത്രി എം.ബി രാജേഷ്

Spread the love

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി അത്ഭുതകരമായ മാറ്റമാണ് കെഎസ്ആര്‍ടിസി ബസുകളിലും ബസ് സ്റ്റേഷനുകളിലും പരിസരത്തും ഉണ്ടായിരിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഹരിത കേരളം മിഷനും കെഎസ്ആര്‍ടിസിയും സംയുക്തമായി സംഘടിപ്പിച്ച ഹരിതസംഗമം ഏകദിന ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി എല്ലാ ശനിയാഴ്ചയും ഗതാഗത വകുപ്പിന്റെ ഓഫീസുകളിലും ബസ് സ്റ്റേഷനുകളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കേരളത്തിലുടനീളം ബസുകളുടെ മുമ്പിലും പിറകിലും ബിന്നുകള്‍ സ്ഥാപിക്കുകയും മാലിന്യം യഥാക്രമം സംസ്‌കരിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.നമ്മുടെ നാട്ടിലെ ബസ് സ്റ്റേഷനുകള്‍ വൃത്തിയുള്ളതായിരിക്കേണ്ടത് ഓരോ വ്യക്തിയുടെയും ആവശ്യമാണ്. അത് പ്രാവര്‍ത്തികമാക്കാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പൊതുഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ഹരിതസംഗമം ശില്പശാലയുടെ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നുപോകുന്ന ഇടമാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകള്‍. അത്തരം ബസ് സ്റ്റേഷനുകള്‍ വൃത്തിയാണെങ്കില്‍ നമ്മുടെ നാടും വൃത്തിയായിരിക്കും. വൃത്തിയുള്ള റെസ്റ്റോറന്റുകള്‍, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതിലൂടെ കോവിഡ് കാലത്ത് കെഎസ്ആര്‍ടിസിക്ക് നഷ്ടപ്പെട്ട യാത്രക്കാരെ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ഇന്ത്യയില്‍ ലഭ്യമായ മികച്ച സൗകര്യങ്ങളുള്ള കെഎസ്ആര്‍ടിസി വാഹനങ്ങളുടെ ഫ്ളാ​ഗ് ഓഫ് ആഗസ്റ്റ് 21ന് മുഖ്യമന്ത്രി നിര്‍വഹിക്കും. ആഗസ്റ്റ് 22ന് കനകക്കുന്നില്‍ കെഎസ്ആര്‍ടിസി എക്‌സ്‌പോ ഉണ്ടായിരിക്കുമെന്നും മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.കമലേശ്വരം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ശില്‍പശാലയില്‍ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ പി. എസ്. പ്രമോജ് ശങ്കര്‍, നവകേരളം കര്‍മ പദ്ധതി കോര്‍ഡിനേറ്റര്‍ ടി.എന്‍ സീമ, കെഎസ്ഡബ്യുഎംപി ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, കമലേശ്വരം വാര്‍ഡ് കൗണ്‍സിലര്‍ വി. വിജയകുമാരി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *