അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Spread the love

വാഷിങ്ടണ്‍: അവിഹിതബന്ധം മറച്ചുവെക്കാന്‍ പോണ്‍ സിനിമാനടിക്ക് പണംനല്‍കിയെന്ന കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതി നടപടികള്‍ക്ക് മുന്നോടിയായാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കുറ്റപത്രം വായിക്കല്‍ ഉള്‍പ്പെടെയുള്ള നടപടിയ്ക്കു ശേഷം ട്രംപിനെ വിട്ടയച്ചു. കേസില്‍, ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ കോടതി ട്രംപിന് മേല്‍ ക്രിമിനല്‍കുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോടതിയില്‍ ഹാജരാകാനെത്തിയത്.കുറ്റപത്രം വായിച്ചുകേട്ട ട്രംപ് താന്‍ നിരപരാധിയാണെന്ന് പറഞ്ഞു. തനിക്ക് മേല്‍ചുമത്തിയ 34 കുറ്റങ്ങളും അദ്ദേഹം നിഷേധിച്ചു. അമേരിക്കന്‍സമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ട്രംപ് കോടതിയില്‍ ഹാജരായത്. മണിക്കൂറുകള്‍ നീണ്ട നടപടിക്രമങ്ങള്‍ക്കും വാദംപൂര്‍ത്തിയായതിനും പിന്നാലെ ട്രംപ് കോടതിയില്‍നിന്ന് മടങ്ങി. കേസില്‍ അടുത്ത വാദംകേള്‍ക്കല്‍ ഡിസംബര്‍ നാലിന് നടക്കും. വിചാരണ 2024 ജനുവരിയില്‍ ആരംഭിക്കുമെന്ന് ജഡ്ജി അറിയിച്ചു.2016 യു.എസ് തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് പോണ്‍ സിനിമാതാരം സ്റ്റോമി ഡാനിയേല്‍സിന് 1.30 ലക്ഷം ഡോളര്‍ (1.07 കോടിയോളം രൂപ) നല്‍കിയെന്നാണ് ട്രംപിനെതിരായ ആരോപണം. ഈ പണം നല്‍കിയത് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണെന്നാണ് പരാതി. നേരത്തെയും ട്രംപിനെതിരെ ആരോപണങ്ങളുമായി സ്റ്റോമി രംഗത്ത് വന്നിട്ടുണ്ട്. 2006-ല്‍ കാലിഫോര്‍ണിയയിലെ ലേക്ക് ടോഹോ ഹോട്ടലില്‍വെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു സ്റ്റോമിയുടെ വെളിപ്പെടുത്തല്‍. ഈ വിഷയം ഒത്തുതീര്‍പ്പാക്കുന്നതിനായാണ് ട്രംപ് അവര്‍ക്ക് പണം നല്‍കിയതെന്നാണ് നിലവിലെ ആരോപണം. ഇതിനുപുറമെ ഇത്തരമൊരു ആവശ്യത്തിനായി അദ്ദേഹം ഉപയാഗിച്ച പണം തിരഞ്ഞെടുപ്പ് ഫണ്ടില്‍നിന്ന് വകമാറ്റിയതാണെന്നും ആരോപണമുണ്ട്.ട്രംപ് കോടതിയില്‍ ഹാജരാകുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നൂറുകണക്കിന് അനുയായികള്‍ കോടതി പരിസരത്ത് എത്തിച്ചേര്‍ന്നിരുന്നു. കാപ്പിറ്റോള്‍ കലാപത്തിന്റെ ഓര്‍മയില്‍ ട്രംപ് അനുകൂലികളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.ചരിത്രത്തില്‍ ആദ്യമായാണ് യു.എസില്‍ ഒരു മുന്‍ പ്രസിഡന്റിനു ക്രിമിനല്‍കേസില്‍ കോടതിയില്‍ കീഴടങ്ങേണ്ടിവരുന്നത്. 2024 അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെടുന്ന വ്യക്തിയാണ് 76-കാരനായ ട്രംപ്. കേസും അറസ്റ്റും ട്രംപിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *