ഹീമോഗ്ലോബിൻ കുറവാണോ? : ഇരുമ്പടങ്ങിയ ഭക്ഷണങ്ങൾ വെറുതെ കഴിച്ചിട്ടു കാര്യമില്ല
ഇരുമ്പ് ശരീരം നന്നായി ആഗിരണം ചെയ്യാൻ അവ വിറ്റാമിൻ-സി അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കണം.ഇന്ത്യയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമിടയിൽ ഏറ്റവും സാധാരണമാണ് വിളർച്ച അഥവാ അനീമിയ. ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവു കുറയുന്നതാണ് വിളർച്ചയ്ക്ക് പിന്നിലെ കാരണം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നത് ഈ ഹീമോഗ്ലോബിൻ ആണ്. ഹീമോഗ്ലോബിന്റെ നിർമാണത്തിന് ഇരുമ്പ് പ്രധാനമാണ്.ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ വിളർച്ച പരിഹരിക്കാനും ക്ഷീണം, തലകറക്കം, തളർച്ച എന്നിവ മാറ്റാനും സാധിക്കും. ശരീരത്തിൽ ഓക്സിജൻ എത്തിക്കുന്നതിനും, ഊർജ്ജ ഉത്പാദനത്തിനും, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഇരുമ്പ് ആവശ്യമാണ്. ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുമ്പോൾ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ നിർമ്മിക്കാൻ കഴിയാതെ വരികയും ഇത് വിളർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു.*ഇലക്കറികൾക്കൊപ്പം വിറ്റാമിൻ സി*ഇലക്കറികളിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. എന്നാൽ ഇരുമ്പ് ശരീരം നന്നായി ആഗിരണം ചെയ്യാൻ അവ വിറ്റാമിൻ-സി അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം കഴിക്കണം. ചീര, മുരിങ്ങയില, ബീറ്റ്റൂട്ട് ഇലകൾ, പരിപ്പ് വർഗ്ഗങ്ങൾ, കടല, സോയാബീൻ, ശർക്കര, ഈന്തപ്പഴം, ഉണക്കമുന്തിരി, മത്തൻ വിത്തുകൾ, എള്ള്, നിലക്കടല എന്നിവ നാരങ്ങ, നെല്ലിക്ക അല്ലെങ്കിൽ ഓറഞ്ച് പോലുള്ള വിറ്റാമിൻ സി ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഇരുമ്പ് വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കും.*മാംസാഹാരങ്ങൾ*മാംസാഹാരങ്ങളിൽ അടങ്ങിയിരിക്കുന്ന ‘ഹീം അയൺ’ ശരീരം വളരെ വേഗത്തിൽ ആഗിരണം ചെയ്യുന്നു. കോഴിയിറച്ചി, ടർക്കി, മീൻ, കക്കയിറച്ചി, മുട്ട എന്നിവയാണ് അവ. കഠിനമായ വിളർച്ചയുള്ളവർക്ക് ഇവ വളരെ ഗുണകരമാണ്.*പഴങ്ങളും പച്ചക്കറികളും*ചില പഴങ്ങളിൽ ഇരുമ്പ് കുറവാണെങ്കിലും, മറ്റ് ഭക്ഷണങ്ങളിലെ ഇരുമ്പിനെ ആഗിരണം ചെയ്യാൻ അവ സഹായിക്കുന്നു. ഓറഞ്ച്, പേരയ്ക്ക, കിവി, നെല്ലിക്ക, ബെറി പഴങ്ങൾ ഈ പട്ടികയിൽ പെടുന്നതാണ്.*ഒഴിവാക്കേണ്ട ഭക്ഷണം*ചില ഭക്ഷണങ്ങൾ ഇരുമ്പ് ആഗിരണം ചെയ്യുന്നത് തടയാൻ സാധ്യതയുണ്ട്. അതിനാൽ പ്രധാന ഭക്ഷണത്തോടൊപ്പം ചായ, കാപ്പി, അമിതമായ പാൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവയും അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയും ഒഴിവാക്കുക.

