റെയിൽവേ നിർമ്മാണത്തിനിടെ ട്രെയിനിന് മേൽ ക്രെയിൻ വീണ് അപകടം; തായ്‌ലൻഡിൽ 22 യാത്രക്കാർക്ക് ദാരുണാന്ത്യം
ബാങ്കോക്ക്: തായ്‌ലൻഡിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ മേൽപ്പാലത്തിൽ നിന്നും ക്രെയിൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മറിഞ്ഞുവീണ് 22 പേർ മരിച്ചു. ബാങ്കോക്കിന് 230 കിലോമീറ്റർ വടക്കുകിഴക്കായി നഖോൺ റാച്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ബാങ്കോക്കിൽ നിന്ന് ഉബോൺ റാച്ചതാനിയിലേക്ക് പോവുകയായിരുന്ന ട്രെയിനിലേക്കാണ് ഭീമാകാരമായ ക്രെയിൻ പതിച്ചത്.ഹൈസ്പീഡ് റെയിൽവേ പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടം സംഭവിച്ചത്. നിർമ്മാണത്തിലിരുന്ന മേൽപ്പാലത്തിന് അടിയിലൂടെ ട്രെയിൻ കടന്നുപോകുമ്പോൾ ക്രെയിൻ തെന്നിമാറി ബോഗികൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ക്രെയിൻ പതിച്ച ആഘാതത്തിൽ ഒരു ബോഗി പൂർണ്ണമായും തകരുകയും ട്രെയിൻ പാളം തെറ്റുകയും ചെയ്തു.അപകടത്തിൽ ഏകദേശം 30 ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അപകടസമയത്ത് ട്രെയിനിന് തീപിടിച്ചെങ്കിലും ഉടൻ തന്നെ അണയ്ക്കാനായത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. അപകടസമയത്ത് ഏകദേശം 200 ഓളം യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നു. തകർന്ന കംപാർട്ടുമെന്റുകൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും അവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പൊലീസിനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

