രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ പ്രതി ശാന്തന് ഇനി ശ്രീലങ്കയിലേക്ക് മടങ്ങാം
ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ പ്രതി ശാന്തന് ഇനി ശ്രീലങ്കയിലേക്ക് മടങ്ങാം. തിരികെ പോകുന്നതിനുള്ള എക്സിറ്റ് പെർമിറ്റ് കൈമാറി. ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രാ രേഖ ശ്രീലങ്കൻ സർക്കാർ അനുവദിച്ചതിനെ തുടർന്നാണ് ശാന്തന് ശ്രീലങ്കയിലേക്ക് മടങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്.കേന്ദ്രസർക്കാരിൽ നിന്നുമുള്ള എക്സിറ്റ് പെർമിറ്റ് തിരുച്ചിറപ്പള്ളി കളക്ടർക്കാണ് കൈമാറിയിട്ടുള്ളത്. ഒരാഴ്ചയ്ക്കകം തന്നെ ശാന്തൻ ശ്രീലങ്കയിലേക്ക് പോകും. ഇതോടെ രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതരായ പ്രതികളിൽ ആദ്യമായി ഇന്ത്യ വിടുന്ന ആളാവുകയാണ് ശാന്തൻ. നിലവിൽ തിരിച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലാണ് ശാന്തൻ അടക്കമുള്ള ജയിൽ മോചിതരായ പ്രതികൾ കഴിയുന്നത്.തന്റെ പ്രായമായ മാതാവിനോടൊപ്പം ഇനിയുള്ള കാലം കഴിയുന്നതിനായി ശ്രീലങ്കയിലേക്ക് വിടണമെന്ന് ശാന്തൻ നേരത്തെ രാഷ്ട്രപതിക്ക് അപേക്ഷ നൽകിയിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ 32 വർഷക്കാലമാണ് ശാന്തൻ ഇന്ത്യയിൽ തടവിൽ കഴിഞ്ഞിരുന്നത്. 2018 സെപ്റ്റംബറിൽ ആണ് രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുകാരായ ഏഴ് പേരെയും ജയിൽ മോചിതരാക്കാനുള്ള പ്രമേയം തമിഴ്നാട് മന്ത്രിസഭ പാസാക്കിയിരുന്നത്.