കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്‌കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്‌കൂളിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി കുറ്റിച്ചൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ബെൻസൺ ഏബ്രഹാമിനെയാണ് ഇന്ന് രാവിലെ സ്കൂളിൽ പടിക്കെട്ടുകൾക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച രാവിലെ മൃതദേഹം സ്കൂളിൽ കണ്ടെത്തിയത്.
സംഭവത്തില്‍ സ്കൂളിലെ ക്ലർക്കിനെതിരെ കുട്ടിയുടെ കുടുംബം രംഗത്തെത്തി. കുട്ടി മരിക്കാൻ ഇടയായ സംഭവം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചാൽ മാത്രമേ മൃതദേഹം സ്കൂളിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോകാൻ സമ്മതിക്കുകയുള്ളൂ എന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു പ്രതിഷേധിച്ചു. ഇതിനായി ആർഡിഒ സ്ഥലത്തെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്ന് ആർഡിഒ ജയകുമാർ സ്ഥലത്ത് എത്തി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ്. മൃതദേഹം അഴിച്ചിറക്കാനും മറ്റു നടപടികൾക്കും ബന്ധുക്കൾ അനുവദിച്ചത്.
പ്രോജക്ട് സബ്മിറ്റ് ചെയ്യാൻ സീല് പതിച്ചു വാങ്ങാൻ ബെൻസൺ സ്കൂളിലെ ക്ലാർക്കിന് അടുത്ത് പോയി.ഇവിടെ വച്ച് നിനക്ക് തോന്നിയ പോലെ അടിക്കാൻ സീല് നിൻ്റെ തന്തയുടെ വക ആണോ എന്ന് എന്ന് ക്ലർക്ക് സനൽ കുമാർ പറഞ്ഞു.ഇതേച്ചൊല്ലി ഇവർ വാക്ക് തർക്കം ആയി.തുടർന്ന് വീട്ടിൽ എത്തി കുട്ടി ഈ വിവരം പറഞ്ഞു എങ്കിലും മുതിർന്നവരോട് പ്രശ്നം വേണ്ട എന്ന രീതിയിൽ സംസാരിച്ചു.ഇതിന് ശേഷം കൂട്ടുകാരനെ കാണാൻ പോകുന്നു എന്ന് പറഞ്ഞു ഇറങ്ങിയ ബെൻസൺ വൈകിയും എത്തിയില്ല തുടന്നുള്ള അന്വേഷണത്തിൽ എന്ന് കുട്ടിയുടെ അമ്മാവൻ സതീഷ് കുട്ടിയെ മരിച്ച നിലയിൽ സ്കൂളിൽ കണ്ടെത്തിയത്.
ക്ലര്‍ക്കുമായുണ്ടായ ഈ തർക്കമാണ് കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിൻ്റെ ആരോപണം.അതെ സമയം സ്കൂളിൽ ബെൻസനും ക്ലാർക്കും തമ്മിൽ അസ്വാരസ്യം ഉണ്ടായി എന്നും ഇതിൻ്റെ കാരണം ക്ലാർക്കിനോട് ചോദിച്ചിരുന്നു എന്നും കുട്ടിയുടെ രക്ഷിതാവിനോട് വിവരം പറഞ്ഞു അടുത്ത ദിവസം സ്കൂളിൽ വരാൻ ആവശ്യപ്പെട്ടിരുന്നു എന്നും സ്കൂൾ പ്രധാന അധ്യാപിക പ്രീത പറഞ്ഞു.എന്നാല് സംഭവത്തെ കുറിച്ച് ഒന്നും അറിയില്ല എന്നും ഇവർ പറയുന്നു.
സ്ഥിരമായി കുട്ടികളോടുള്ള മോശം പെരുമാറ്റമാണ് ഇയാളുടേത് എന്ന് ആക്ഷപമുണ്ട്. ആർഡിഒ ജയ കുമാറിൻ്റെ സാനിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.ഫിംഗർ പ്രിൻ്റ് ഫോറൻസിക് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി.കാട്ടാക്കട ഇൻസ്പെക്ടർ ഓഫ് പൊലിസ് തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു.