സംസ്ഥാനത്ത് ഇന്നും ചൂട് കൂടും
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ലാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.