പ്ലസ് ടു വിദ്യാർഥി നെയ്യാറ്റിൻകര ഗ്രാമം ആറാട്ടുകടവിൽ മുങ്ങി മരിച്ചു
നെയ്യാറ്റിൻകര: പ്ലസ് ടു വിദ്യാർഥി നെയ്യാറ്റിൻകര ഗ്രാമം ആറാട്ടുകടവിൽ മുങ്ങി മരിച്ചു. രാം മഹാദേവ് (16) ആണ് അന്തരിച്ചത്. രാവിലെ 7.15 നോടായിരുന്നു സംഭവം. ഗ്രാമം ജംഗ്ഷനിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ ട്യൂഷൻ കഴിഞ്ഞതിനുശേഷം കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന രണ്ടു കുട്ടികൾ കരയിൽ കാത്തിരിക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും കുളിക്കാൻ ഇറങ്ങിയ കുട്ടിയെ കാണാതായപ്പോൾ കൂട്ടുകാർ ബഹളം വച്ച് ആളെക്കൂട്ടി. ഉടൻ തന്നെ ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഏറെ നേരത്തെ തിരച്ചിൽ നിശേഷം കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. റെസ്ക്യൂ ഫോഴ്സ് തലവനായ ടി പ്രതാപകുമാറിന്റെ നേതൃത്വത്തിലുള്ള തെരച്ചിലിൽ നാട്ടുകാരായ രാമപുരം സന്തോഷ്, കൃഷ്ണപുരം സ്റ്റാൻലി എന്നിവർ കൂടെ സഹായിച്ചു. മണലൂറ്റിലൂടെ രൂപപ്പെട്ട രണ്ടാൾ പൊക്കമുള്ള കുഴിയിലേക്ക് വീണാണ് മഹാദേവ് മരിച്ചത്. നാട്ടുകാർ പോലും ഈ സ്ഥലത്ത് കുളിക്കാറില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ സിബിഎസ്ഇ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ രാം മഹാദേവ് പ്ലാമൂട്ടുകട നല്ലൂർവട്ടം മാങ്ങോട്ടുവിള പുത്തൻവീട്ടിൽ മണികണ്ഠൻ നായർ – രാജേശ്വരി ദമ്പതിമാരുടെ മകനാണ്. ബോഡി പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.