മണിപ്പൂരിലെ കാങ്‌പോക്പിയിലുണ്ടായ വെടിവയ്പ്പില്‍ കുക്കി വിഭാഗക്കാരായ മൂന്നുപേര്‍ മരിച്ചു

Spread the love

ഇംഫാല്‍: മണിപ്പൂരിലെ കാങ്‌പോക്പിയിലുണ്ടായ വെടിവയ്പ്പില്‍ കുക്കി വിഭാഗക്കാരായ മൂന്നുപേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പിന്നില്‍ മെയ്‌തെയ്കളെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു.കാങ്പോക്പി ജില്ലയിലെ ഇറെങ് നാഗ ഗ്രാമത്തിന് സമീപം ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം നടന്നത്. വാഹനത്തില്‍ എത്തിയ അക്രമികള്‍ ഗ്രാമവാസികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്. സാറ്റ്നിയോ ടുബോയ്, എന്‍ഗമിന്‍ലുന്‍ ലൗവും, ങ്മിന്‍ലുന്‍ കിപ്ജെന്‍ എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസും കേന്ദ്ര സുരക്ഷാ സേനകളും ഏത് നിമിഷവും പരസ്പരം വെടിവയ്ക്കും എന്ന സാഹചര്യം ഉടലെടുത്തിരുന്നു. പലേലില്‍ മണിപ്പൂര്‍ കമാന്‍ഡോകള്‍ കേന്ദ്ര സേനയ്ക്കു നേരെ തോക്കുചൂണ്ടിയെങ്കിലും വെടിവയ്പ് തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നു.തങ്ങളുടെ ഗ്രാമങ്ങള്‍ക്കു നേരെ വെടിവയ്പ് നടത്തിയ മെയ്‌തെയ് സായുധ ഗ്രൂപുകള്‍ക്കൊപ്പം മണിപ്പൂര്‍ കമാന്‍ഡോകളും ഉണ്ടായിരുന്നുവെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. അസം റൈഫിള്‍സും ബിഎസ്എഫും ആണ് മെയ്‌തെയ് സായുധ ഗ്രൂപുകളെ തുരത്തിയത്.അതിനിടെ, അക്രമം നടന്ന സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപി നേതൃത്വത്തിലുള്ള സര്‍കാരിലെ 23 എംഎല്‍എമാര്‍ മണിപ്പൂരിന്റെ പ്രാദേശിക അഖണ്ഡത സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു പ്രമേയത്തില്‍ ഒപ്പുവച്ചു.നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് കേന്ദ്രത്തെ പ്രേരിപ്പിക്കാന്‍ ഉടന്‍ ഡെല്‍ഹിയിലേക്ക് പോകുമെന്നും എംഎല്‍എമാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *