അന്താരാഷ്ട്ര ഡ്രഗ് മാഫിയ സംഘത്തിലെ പ്രധാന കണ്ണികളായ രണ്ട് ടാൻസാനിയൻ സ്വദേശികളെ കേരള പൊലീസ് പിടികൂടി നാട്ടിലെത്തിച്ചു
അന്താരാഷ്ട്ര ഡ്രഗ് മാഫിയ സംഘത്തിലെ പ്രധാന കണ്ണികളായ രണ്ട് ടാൻസാനിയൻ സ്വദേശികളെ കേരള പൊലീസ് പിടികൂടി നാട്ടിലെത്തിച്ചു. പഞ്ചാബിൽ വച്ചാണ് പൊലീസ് ഇവരെ അതിസാഹസികമായി പിടികൂട്ടിയത്. പിടികൂടിയ ശേഷം, ഇവരെ വിമാന മാർഗ്ഗം കോഴിക്കോട് എത്തിക്കുകയായിരുന്നു
വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ബംഗളൂരുവിൽ നിന്ന് എത്തിച്ച 221 ഗ്രാം എംഡിഎംഎയുമായി കാരന്തൂരിലെ വിആർ റസിഡൻസി ലോഡ്ജിലിൽ നിന്നാണ് രണ്ട് പേരെ കോഴിക്കോട് കുന്നമംഗലം പൊലീസ് പിടികൂടുന്നത്. കാസർഗോഡ് ഗലിയുഡുക്ക സ്വദേശി ഇബ്രാഹിം മുസമ്മിലും, കോഴിക്കോട് ഉമ്മളത്തൂർ സ്വദേശി അഭിനവിനെയുമാണ് മുമ്പ് അറസ്റ്റിലായത്.
അന്വേഷണത്തിനിടെ, മൈസൂരിൽ വച്ച് പിടിയിലായ അജ്മലിൽ നിന്നാണ് പഞ്ചാബിൽ വച്ച് ലഹരിമരുന്ന് വിതരണം ചെയ്ത രണ്ട് ടാൻസാനിയൻ പൗരന്മാരെ കുറിച്ച് വിവരം ലഭിച്ചത്. ടാൻസാനിയൻ സ്വദേശികളായ ഡേവിഡ് എൻഗേമിയും, അഡ്ക്ക എരുണ എന്നിവരെയാണ് കുന്നമംഗലം പൊലീസ് അതിസാഹസികമായി പിടികൂടിയത്. പഞ്ചാബിലെ ലൗവ്ലി പ്രൊഫഷണൽ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് ഇവർ.
ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ഒരുകോടി 30 ലക്ഷത്തോളം രൂപയുടെ ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി മാഫിയയെ വേരോടെ സംസ്ഥാനത്തിൽ നിന്ന് തുരത്തുകയാണ് കേരള പൊലീസിൻ്റെ ലക്ഷ്യമെന്ന് കോഴിക്കോട് DCP അരുൺ കെ പവിത്രൻ പറഞ്ഞു.
പഞ്ചാബിൽ ആഡംബര ജീവിതമാണ് ഇവർ നയിച്ചത്. കേസന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. SHO കിരൺ എസ്, SI എ നിതിൻ, CPO മാരായ ബിജേഷ്, അജീഷ്, വിജേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്