കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട; പ്രധാന കണ്ണികളായ പൂർവ വിദ്യാർത്ഥികൾ പിടിയിൽ
കളമശ്ശേരി പോളിടെക്നിക്കിലെ വൻ കഞ്ചാവ് വേട്ടയിലെ പ്രധാന കണ്ണികൾ പിടിയിൽ. പൂർവ്വ വിദ്യാർത്ഥികളായ ആഷിഖ്, ഷാരിഖ് എന്നിവരാണ് പിടിയിലായത്. ഇരുവരും കഴിഞ്ഞ വർഷം ക്യാമ്പസ്സിൽ നിന്നും പഠിച്ചിറങ്ങിയവരാണ്. കഞ്ചാവ് എത്തിച്ചത് ആഷിഖ് എന്നാണ് പൊലീസ് നിഗമനം. ഹോസ്റ്റലിൽ പരിശോധന നടന്ന് മണിക്കൂറുകൾക്കകമാണ് പ്രധാന കണ്ണികളെ പൊലീസ് പിടികൂടിയത്. അതിനിടെ, ഹോസ്റ്റലിൽ നടന്ന വൻ കഞ്ചാവ് വേട്ടയിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. വിൽപ്പനയ്ക്ക് വേണ്ടിയിട്ടാണ് ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കേസിൽ പിടിയിലായ കൊല്ലം സ്വദേശിയായ ആകാശ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന ആളെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
2 കിലോയോളം കഞ്ചാവാണ് കെ എസ് യു പ്രവർത്തകനായ ആകാശിന്‍റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. വിദ്യാർത്ഥികൾക്കിടയിൽ വില്പ്പന നടത്താനാണ് പ്രതി കഞ്ചാവ് കോളേജിലെത്തിച്ചത്. ഇയാൾ വലിയ തോതിൽ കഞ്ചാവ് ശേഖരിച്ച് വിദ്യാർത്ഥികൾ സ്ഥിരമായി വില്പന നടത്തുന്നുണ്ടെന്നും റിമാന്‍റ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം പ്രതി ആകാശ് കെ എസ് യു വിന്‍റെ സജീവ പ്രവർത്തകനാണെന്ന് കെ എസ് യു നേതാവ് ആദിൽ തന്നെ സ്ഥിരീകരിച്ചിരുന്നു.
കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും റിമന്‍റ് റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കുന്നുണ്ട്. പ്രതി ആകാശിനൊപ്പാണ് കെ എസ് യു നേതാവായ ആതിലും പ്രവർത്തകനായ അനന്തുവും താമസിച്ചിരുന്നത്. പരിശോധയ്ക്ക് പൊലീസ് എത്തിയപ്പോൾ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. അതിനാൽ ഇവരിലേക്കും അന്വേഷണം നീളും. റിമാന്‍റിലായ പ്രതി ആകാശിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
അതേസമയം, കളമശ്ശേരി പോളിയിലെ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കെ എസ് യുവിന്റെയും കോണ്‍ഗ്രസിന്റെയും മാധ്യമങ്ങളുടെയും പിന്നാക്കം പോക്കിനെതിരെ പ്രതികരിച്ച് പി എം ആര്‍ഷോ. സംഭവത്തില്‍ കെ എസ് യു രാഷ്ട്രീയം കലര്‍ത്തുന്നില്ലെന്ന് പറഞ്ഞ് ലഹരി പിടികൂടിയ സര്‍ക്കാരിനെ അഭിനന്ദിച്ച സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ പ്രസ്താവനക്കെതിരെയാണ് ആര്‍ഷോ രംഗത്തുവന്നത്.
ഇന്നത്തെ സൂര്യോദയം മുതല്‍ ഉച്ചവെയില്‍ വീഴുന്നത് വരെ എസ്എഫ്ഐ വധം കെട്ടിയാടിയ ഉളുപ്പില്ലാത്ത മാപ്രകളും സുധാകരസതീശാതികളും ഒരു സ്റ്റെപ്പ് പുറകോട്ട് വെച്ചിട്ടുണ്ട്. പോളിയിലെ കഞ്ചാവ് വേട്ടയില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന അലോഷിയുടെ ആഹ്വാന പ്രകാരമത്രേ പുറകോട്ട് പോക്കെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.