തലസ്ഥാനത്ത് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്റെ വധഭീഷണി
തിരുവനന്തപുരം : സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ വധഭീഷണിമുഴക്കി. ഗുണ്ടാ ബന്ധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടപടി നേരിട്ട മംഗലപുരം എഎസ്‌ഐ ജയനാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സാജിദിന് നേരെ ഭീഷണി മുഴക്കിയത്. സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്നാരോപിച്ചായിരുന്നു ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്. ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കി. ഗുണ്ടാ ബന്ധത്തിന്‍റെ പേരില്‍ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനില്‍ സ്വീപ്പര്‍ ഒഴികെ ബാക്കി 31 പൊലീസുകാര്‍ക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചു. സിനിമയെ പോലും വെല്ലുവിധം ഗുണ്ടാ മാഫിയാ- പൊലീസ് ബന്ധം പുറത്തുവന്നതോടെയാണ് നാണക്കേട് മാറ്റാനുള്ള കൂട്ട നടപടികളുണ്ടായത്. തലസ്ഥാനത്തെ ഏറ്റവും കുപ്രസിദ്ധമായ മംഗലപുരം സ്റ്റേഷനിലാണ് അടിമുടി ശുദ്ധികലശം. ഗുണ്ടാ ബന്ധത്തിന്‍റെ പേരില്‍ എസ്‌എച്ച് ഒ സജേഷിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ അഞ്ച് പൊലീസുകാരെ കൂടി സസ്പെന്‍ഡ് ചെയ്തു. ബാക്കിയുള്ളവരെ സ്ഥലമാറ്റി. ഇന്നലെ രാത്രിയാണ് കൂട്ട നടപടിയുണ്ടായത്. സ്റ്റേഷനില്‍ ആകെയുണ്ടായിരുന്ന 32 പേരില്‍ മാറ്റമില്ലാത്തത് ഒരു സ്വീപ്പര്‍ക്ക് മാത്രമാണ്. ഗുണ്ടകളായ ഷെമീറും ഷെഫീഖും ഒരു ദിവസം തന്നെ രണ്ട് തവണ സ്റ്റേഷന്‍ പരിധിയില്‍ വെച്ച് പൊലീസിന് നേരെ ബോംബെറിഞ്ഞിരുന്നു.രക്ഷപ്പെട്ട ഷെഫീഖ് മുങ്ങുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരനെ കല്ല് കൊണ്ട് തലക്കടിച്ച് കിണറ്റിലിട്ടത്. ഇതോടെയാണ് ഉണര്‍ന്ന സര്‍ക്കാര്‍ നടപടിയിലേക്ക് നീങ്ങിയത്. പീഡനകേസ്, ഗുണ്ടകളുമായുള്ള ബന്ധം, ഗുണ്ടകളുടെ പാര്‍ട്ടിയിലെ സന്ദര്‍ശനം, വിവരങ്ങള്‍ ക്രിമിനലുകള്‍ക്ക് ചോര്‍ത്തിക്കൊടുക്കല്‍ അടക്കം പൊലീസിന്‍റെ അവിശുദ്ധ ബന്ധങ്ങളുടെ ഒരുപാട് വിവരങ്ങളാണ് സ്പെഷ്യല്‍ ബ്രാഞ്ച്- ഇനറലജിനസ് റിപ്പോര്‍ട്ടുകളിലുള്ളത്. ഒരു വശത്ത് നടപടി എടുക്കുമ്ബോഴും ചിലരെ ഇനിയും തൊടാന്‍ മടിയാണ്. പോക്സോ കേസിലെ ഇരയെ പീഡിപ്പിച്ച് മുന്‍ അയിരൂര്‍ എസ്‌എച്ച്‌ഒ ജയസനില്‍, രണ്ട് ബലാത്സംഗ കേസില്‍ പ്രതിയായ മലയിന്‍കീഴ് മുന്‍ എസ്‌എച്ച് ഒ സൈജു എന്നിവരെ ഇതുവരെ പിരിച്ചുവിടുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. സസ്പെന്‍ഷനിലുള്ള ഇരുവരും ഒളിവിലണന്നാണ് പൊലീസ് വിശദീകരണം. നടപടി പുരോഗമിക്കുമ്ബോഴും ഗുണ്ടാ തലവന്മാരായ ഓം പ്രകാശും പുത്തന്‍പാലം രാജേഷും ഇപ്പോഴും മുങ്ങിനടക്കുന്നു.