ഇന്ത്യയും കാനഡയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) സംബന്ധിച്ച ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു
ഇന്ത്യയും കാനഡയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) സംബന്ധിച്ച ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നിലവിലുള്ള രാഷ്ട്രീയ-നയതന്ത്ര സംഘര്‍ഷങ്ങള്‍ക്കിടയിലാണ് സംഭവം. ഒക്ടോബറില്‍ വ്യാപാര ദൗത്യത്തിനായി കനേഡിയന്‍ വ്യാപാര മന്ത്രി മേരി എന്‍ജി ഇന്ത്യ സന്ദര്‍ശിക്കേണ്ടതായിരുന്നു. ഇതിനിടെയില്‍ സ്വതന്ത്ര വ്യാപാര ഉടമ്പടി ചര്‍ച്ച ചെയ്യുമെന്നായിരുന്നു വിവരം. എന്നാല്‍ പുതിയ സാഹചര്യങ്ങള്‍ പരിഗണിച്ച് കാനഡ ചര്‍ച്ചകള്‍ തല്‍കാലം നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഇന്ത്യയുമായുള്ള വ്യാപാര ദൗത്യം മാറ്റിവയ്ക്കുകയാണെന്ന് മേരി എന്‍ജിയുടെ വക്താവ് ശാന്തി കോസെന്റിനോയാണ് അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന് കാരണമായ ഖാലിസ്ഥാന്‍ വിഷയം പരാമര്‍ശിക്കാതെയായിരുന്നു പ്രഖ്യാപനം. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ചര്‍ച്ചകള്‍ പുനഃരാരംഭിക്കും.’കാനഡയിലെ ചില രാഷ്ട്രീയ സംഭവവികാസങ്ങളില്‍ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വരെ ഈ ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ പ്രശ്നങ്ങള്‍ പരിഹരിച്ചാലുടന്‍ ഈ ചര്‍ച്ചകള്‍ ഒരിക്കല്‍ കൂടി പുനരാരംഭിക്കും. ഇത് ഒരു ഇടവേള മാത്രമാണ്’, ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.കാനഡയുടെ മണ്ണില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്ന് ഇന്ത്യ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ഏകദേശം ഒരു ദശാബ്ദത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കുകയായിരുന്നു ഈ നീക്കം. ഈ പ്രസ്താവന വന്നതിന് പിന്നാലെ വ്യാപാര ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ടാണ് കാനഡ പ്രതികരിച്ചത്. കാനഡയിലെ രാഷ്ട്രീയ സംഭവവികാസങ്ങളിലുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് കാനഡയുമായുള്ള വ്യാപാര കരാര്‍ അവസാനിപ്പിച്ചതെന്ന് ഇന്ത്യയിലെ ഉന്നത വൃത്തങ്ങള്‍ പറഞ്ഞിരുന്നു. നേരത്തെ ഈ വര്‍ഷം അവസാനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കനേഡിയന്‍ മന്ത്രി മേരിയും കേന്ദ്രമന്ത്രി പിയൂഷ് ഗോയലും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു.സെപ്റ്റംബര്‍ 10ന് ഖാലിസ്ഥാന്റെ ആവശ്യമുന്നയിച്ച് സിഖ് ഫോര്‍ ജസ്റ്റിസ് ഗ്രൂപ്പ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാനഡയിലെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് ആശങ്ക പ്രകടിപ്പിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം, മനസാക്ഷി സ്വാതന്ത്ര്യം, സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങള്‍ എന്നിവ കാനഡ എപ്പോഴും സംരക്ഷിക്കുമെന്ന് ജി20 ഉച്ചകോടി അവസാനിച്ചതിന് ശേഷം ട്രൂഡോ പറഞ്ഞു. ഇത് ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. അതേ സമയം അക്രമവും വിദ്വേഷവും അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്ടിഎ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ഇതുവരെ ഡസന്‍ കണക്കിന് ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് അറിയുന്നത്. 2010ലാണ് ഈ ചര്‍ച്ചകള്‍ ആരംഭിച്ചത്.