ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാന നഗരി. നാളെയാണ് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല. ഇന്നലെ വൈകുന്നേരം മുതല്‍ നഗരത്തിന്റെ പല സ്ഥലങ്ങളിലായി പൊങ്കാല അര്‍പ്പിക്കാനായി സ്ഥലങ്ങള്‍ ക്രമീകരിച്ചു കഴിഞ്ഞു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി നഗരസഭയും പൊലിസും അറിയിച്ചു. കനത്ത ചൂടായതിനാല്‍ കുടിവെള്ള വിതരണത്തിനായി നഗരസഭയും വിവിധ സംഘടനകളും കൂടുതല്‍ സജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ചമുതല്‍ നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രമുണ്ട്. ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാര്‍ക്കിംഗും നിരോധിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയും റെയില്‍വേ പ്രത്യേക സര്‍വീസും നടത്തും. തിളക്കുന്ന വേനല്‍ചൂട് വകവയ്ക്കാതെ പൊങ്കാലത്തിരക്കിലാണ് ആറ്റുകാല്‍ ക്ഷേത്ര പരിസരം. പൊങ്കാല തീയതി അടുത്തതോടെ നേരവും കാലവും കാലാവസ്ഥയുമൊന്നും പ്രശ്‌നമാക്കാതെ ക്ഷേത്രത്തിലേക്ക് അണമുറിയാത്ത ജനപ്രവാഹം തുടരുകയാണ്.രാത്രിയില്‍ വന്നാല്‍ സൂചികുത്താന്‍ സ്ഥലമുണ്ടാകില്ലെന്നും അതാണ് വെയിലിനെ അവഗണിച്ചും ഉച്ചയ്ക്ക് എത്തിയതെന്നും ആറ്റുകാല്‍ അമ്മയെ കണ്ടതോടെ ചൂടെല്ലാം തണുത്തുവെന്നുമാണ് പല ജില്ലകളില്‍ നിന്ന് എത്തിയ അമ്മമാരുടെ പ്രതികരണം. കനത്തചൂടില്‍ പുറത്തിറങ്ങരുതെന്നൊക്കെ കലാവസ്ഥാ മുന്നറുയിപ്പുണ്ടെങ്കിലും കടുംചൂടിനെ കുടചൂടി പ്രതിരോധിക്കുകയാണിവര്‍. ഇടക്കിത്തിരി തണല്‍ കായുന്നവരുമുണ്ട്. കലാപരിപാടികള്‍ക്ക് മുന്നില്‍ തുടങ്ങി കച്ചവട സ്ഥാപനങ്ങളില്‍ വരെ തിരക്കോട് തിരക്കാണ്. ഭക്തി ആള്‍ത്തിരക്കും ആഘോഷവുമാകുന്ന കാഴ്ചയാണ് ആറ്റുകാല്‍ പരിസരത്ത് എങ്ങും. അതിരുകളും വേര്‍തിരിവുകളുമില്ലാത്ത ആറ്റുകാല്‍ പരിസരം പെണ്‍പട കയ്യടക്കിക്കഴിഞ്ഞു. അവരെല്ലാം പൊങ്കാലയടുപ്പില്‍ തീ പടരുന്നതും കാത്തിരിപ്പാണ്.ഇതിനിടെ, ചോറ്റാനിക്കര ക്ഷേത്രത്തിലെ പ്രശസ്തമായ മകം തൊഴല്‍ ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി പത്തരവരെ ആണ് ക്ഷേത്രത്തില്‍ ദര്‍ശനം.ഒന്നര ലക്ഷം ഭക്തര്‍ എത്തുമെന്ന കണക്ക് കൂട്ടലില്‍ ആണ് പൊലീസും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും ഒരുക്കങ്ങള്‍ നടത്തുന്നത്. ഇന്നലെ മുതല്‍ തന്നെ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഇന്ന് ദര്‍ശനത്തിനായി ഭക്തര്‍ എത്തിയിട്ടുണ്ട്. ആയിരത്തില്‍ അധികം പോലീസുകാര്‍ ആണ് സുരക്ഷ ഉറപ്പാക്കാന്‍ വിന്യസിച്ചിരിക്കുന്നത്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാകും ഇത്തവണ മകം തൊഴല്‍.