സുപ്രീം കോടതി ജഡ്ജിമാർ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തും
സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താൻ ഒരുങ്ങി സുപ്രീം കോടതി ജഡ്ജിമാർ. മുഴുവൻ ജഡ്ജിമാരുടെയും സ്വത്ത് വിവരങ്ങൾ വെബ്സൈറ്റിൽ വെളിപ്പെടുത്തും. സുപ്രീം കോടതി ജഡ്ജിമാരുടെ ഫുൾ കോർട്ട് യോഗത്തിലാണ് തീരുമാനം.
ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്നും പണം കണ്ടെത്തിയതോടെ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിർണായക നീക്കം. സുപ്രീം കോടതിയിലെ 33 ജഡ്ജിമാരുടെയും സ്വത്ത് വിവരങ്ങൾ കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
കഴിഞ്ഞദിവസം ചേർന്ന സുപ്രീം കോടതി ഫുൾ കോർട്ട് യോഗത്തിലാണ് തീരുമാനം. യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്നും പണം കണ്ടെത്തിയത് നീതിന്യായ വ്യവസ്ഥയയിലെ വിശ്വാസ്യത തകർക്കാൻ കാരണമായെന്നും യോഗം വിലയിരുത്തി. പൊതുജനങ്ങളും നീതിന്യായ വ്യവസ്ഥയും തമ്മിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി. പുതുതായി നിയമിക്കപ്പെടുന്ന ജഡ്ജിമാരും സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണം. അതേസമയം യശ്വന്ത് വർമ്മക്കെതിരെയുള്ള സുപ്രീം കോടതിയുടെ ആഭ്യന്തര സമിതിയുടെ അന്വേഷണം തുടരുകയാണ്.