അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ പൂജ്യത്തിലേക്ക് താഴ്ത്താമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തു: ഡോണൾഡ് ട്രമ്പ്
അമേരിക്കൻ ഉത്പന്നങ്ങളുടെ മുകളിൽ ഇന്ത്യ തീരുവ ചുമത്തില്ലെന്ന് വാഗ്ദാനം ചെയ്തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പ്. ദോഹയിൽ നടന്ന ബിസിനസ് സമ്മേളനത്തിലാണ് തീരുവ വിഷയത്തിലുള്ള ട്രമ്പിന്റെ പരാമർശം.
ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണെന്നും. ആപ്പിൾ ഇന്ത്യയിലുടനീളം നിർമാണ പ്ലാന്റുകൾ ആരംഭിക്കുന്നതിൽ തനിക്ക് താത്പര്യമില്ലെന്നും ആപ്പിൾ സിഇഒ ടിം കുക്കിനോട് ട്രമ്പ് പറഞ്ഞു. തുടർന്നാണ് ഇന്ത്യ ഞങ്ങൾക്ക് ഒരു കരാർ വാഗ്ദാനം ചെയ്തു. കരാർ പ്രകാരം അവർ ഞങ്ങളോട് ഒരു താരിഫും ഈടാക്കില്ലെന്നു സമ്മതിച്ചിട്ടുണ്ടെന്നും ആയിരുന്നു ട്രമ്പിന്റെ അവകാശവാദം.
എന്നാൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിൽ അന്തിമതീരുമാനം അയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതികരിച്ചു. ഇന്ത്യ – പാക് വെടിനിർത്തൽ ധാരണയ്‌ക്ക് അമേരിക്ക മധ്യസ്ഥത വഹിച്ചെന്ന പ്രസിഡന്റ് ഡോണൾഡ് ട്രമ്പിന്റെ വെളിപ്പെടുത്തൽ വിവാദമായിരിക്കെയാണ് ട്രമ്പിന്റെ അടുത്ത പരാമർശം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരകരാറിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും തീരുമാനമായിട്ടില്ലെന്നും എസ് ജയശങ്കർ പറഞ്ഞു.
യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കാനും ഉഭയകക്ഷി വ്യാപാര കരാറിൽ ഏർപ്പെടാനും പാകിസ്ഥാൻ സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. ഒന്നിലധികം മേഖലകളിൽ ഉഭയകക്ഷി വ്യാപാരം വികസിപ്പിക്കുന്നതിനാണ് പാകിസ്ഥാൻ വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് പാകിസ്ഥാൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.