കായംകുളത്ത് അമ്മയെ മകൻ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം: പ്രതി അറസ്റ്റിൽ
.കായംകുളം പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി വടക്ക് മുറിയിൽ വടക്കേ ആഞ്ഞിലിമൂട് ജംഗ്ഷന് തെക്ക് വശം പണിക്കശ്ശേരിൽ വീട്ടിൽ തങ്കപ്പൻ ഭാര്യ 72 വയസ്സുള്ള ശാന്തമ്മയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഇളയ മകനായ ബ്രഹ്മദേവനെ (43) പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരം മദ്യപാനിയായ ശാന്തമ്മ 24.02.2024 തീയതിയിൽ അയൽവാസിയുടെ വീട്ടിൽ വെച്ച് നടന്ന കണിയാമുറി അമ്പലത്തിലെ ആറാട്ട് ഉത്സവ സമയം മദ്യപിച്ച് ബോധം കെട്ട് കിടന്ന് നാണം കെടുത്തിയതിൽ ഇളയ മകനായ പ്രതിയ്ക്ക് ഉണ്ടായ വിരോധം നിമിത്തം ടിയാളെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടു കൂടി 24. 2.2024 തീയതി രാത്രി 9 മണിയോടു കൂടി വീട്ടിലെത്തിയ ശാന്തമ്മയെ വീട്ടിലെ ഹാൾ മുറിയിൽ വെച്ച് പ്രതി വലത് കൈ കൊണ്ട് ശാന്തമ്മയുടെ വയറിൻ്റെ ഇടത് ഭാഗത്ത് ശക്തിയായി ഇടിച്ച് പ്ലീഹയ്ക്ക് പൊട്ടലുണ്ടാക്കിയും ആന്തരിക രക്തസ്രാവം ഉണ്ടാകാൻ ഇടവരുത്തിയും ശാന്തമ്മയെ ടി ഹാൾ മുറിയുടെ കിഴക്ക് വശമുള്ള കിടപ്പ് മുറിയിലേക്ക് വലിച്ചെറിഞ്ഞതിൽ വെച്ച് ശാന്തമ്മയുടെ ഒമ്പതാമത്തെ വാരിയെല്ല് പൊട്ടുന്നതിനും തലയ്ക്കും മറ്റും പരിക്കുകൾ പറ്റുന്നതിന് ഇടവരുത്തിയും പ്ലീഹയിലുണ്ടായ രക്തസ്രാവം മൂലം ശാന്തമ്മ മരണപ്പെടുന്നതിന് ഇടവരുത്തുകയും ആണ് ഉണ്ടായത്. തുടർന്ന് പിറ്റേ ദിവസം പ്രതി പോലീസ് സ്റ്റേഷനിൽ ഹാജരായി ടിയാൻ്റെ അമ്മ ശാന്തമ്മ 24.02.2024 തീയതി രാത്രി ഉറങ്ങുവാനായി കിടന്ന ശേഷം 25.02.2024 തീയതി രാവിലെ 6 മണിയായിട്ടും എഴുന്നേൽക്കാതെ കട്ടിലിൽ കിടക്കുന്നത് കണ്ട് കായംകുളം എബനേസർ ആശുപത്രിയിലെത്തിക്കുകയും ഡോക്ടർ പരിശോധിച്ച ശേഷം ശാന്തമ്മ മരണപ്പെട്ടു പോയതായി പറഞ്ഞുവെന്നും മൊഴി നൽകുകയും, തുടർന്ന് ആശുപത്രിയിലെത്തി ശാന്തമ്മയുടെ മൃതദേഹം പരിശോധിച്ച പോലീസിന് മൃതദേഹത്തിൽ മുറിവുകളും മറ്റും കണ്ട് സംശയം തോന്നുകയും മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുകയുമായിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിൽ ശാന്തമ്മയുടേത് സാധാരണ മരണമല്ലെന്നും കൊലപാതകമാണെന്നും കണ്ടെത്തിയതിനെ തുടർന്ന് ശാന്തമ്മയോടൊപ്പം താമസിച്ചിരുന്ന ഇളയ മകനായ ബ്രഹ്മദേവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയത് ബ്രഹ്മദേവനാണെന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ ബ്രഹ്മദേവനെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കായംകുളം ഡി.വൈ.എസ്.പി. അജയ്നാഥിൻ്റെ മേൽനോട്ടത്തിൽ സി.ഐ. ഗിരിലാൽ, എസ്.ഐ. മാരായ ഉദയകുമാർ, രതീഷ് ബാബു, അജിത്ത്, എ.എസ്.ഐ. ജോളി, പോലീസ് ഉദ്യോഗസ്ഥരായ രെജി, രതീഷ്, സബീഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.