5000 കോടി അധിക വരുമാനവും അരലക്ഷം പേര്‍ക്ക് തൊഴിലും ലക്ഷ്യമെന്ന് ധനമന്ത്രി: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വര്‍ക്ക് നിയര്‍ ഹോം പദ്ധതി
കൊല്ലം: കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും വർക്ക് നിയർ ഹോം സാധ്യമാക്കി 5 ലക്ഷം പേർക്ക് തൊഴില്‍ സാഹചര്യവും 5000 കോടി അധിക വരുമാനവും 50000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാല്‍.കൊട്ടാരക്കര സർക്കാർ റസ്റ്റ് ഹൗസില്‍ കമ്മ്യൂണ്‍ വർക്ക് നിയർ ഹോം പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഹോ ക്യാമ്പസ്, ഐ ടി പാർക്ക്, വർക്ക് നിയർ ഹോം എന്നിവ ഒരുമിച്ചെത്തുന്നതോടെ കൊട്ടാരക്കരയില്‍ അഞ്ച് വർഷത്തിനകം 5000 പേർക്ക് ജോലി സാധ്യത ഉറപ്പാകുമെന്നും അദ്ദേഹം പറഞ്ഞു. വർക്ക് നിയർ ഹോം ജനുവരി 19 വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.റിമോട്ട് വർക്കിംഗ്, ഹൈബ്രിഡ് ജോലി രീതികള്‍ എന്നിവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലഘട്ടമായതിനാല്‍ ഗ്രാമപ്രദേശങ്ങളില്‍ നഗരതുല്യമായ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കി ആഗോള കമ്പനികളെ ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കമ്പനികള്‍ക്ക് ഓഫീസ് പരിപാലനത്തിനുള്ള തുക ലാഭിക്കാനാവും. പ്രൊഫഷണലുകള്‍ക്ക് സമാധാനമുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യാൻ ഇടം ഒരുക്കും. മെട്രോ നഗരങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും തൊഴില്‍ തേടി യുവജനങ്ങള്‍ കുടിയേറുന്ന പ്രവണത കുറയ്ക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.കൊട്ടാരക്കര ബിഎസ്‌എൻഎല്‍ പ്രധാന കെട്ടിടത്തില്‍ സജ്ജീകരിച്ചിരിക്കുന്ന വർക്ക് നിയർ ഹോമില്‍ ആദ്യ ഘട്ടമായി 141 പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കും. പ്ലഗ് ആൻഡ് പ്ലേ മാതൃകയില്‍ അതിവേഗ ഇന്റർനെറ്റ്, എയർകണ്ടീഷൻ ചെയ്ത കാബിനുകള്‍, മീറ്റിംഗ് റൂമുകള്‍, കോണ്‍ഫറൻസ് ഹാള്‍, കഫെറ്റീരിയ ഉള്‍പ്പെടെ ഒരു ഐടി പാർക്കിന് തുല്യമായ അന്തരീക്ഷം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫ്രീലാൻസർമാർ, സ്റ്റാർട്ടപ്പുകള്‍, പഠനത്തോടൊപ്പം ജോലി ആഗ്രഹിക്കുന്ന വിദ്യാർഥികള്‍, അഭ്യസ്തവിദ്യരായ വനിതാ പ്രൊഫഷണലുകള്‍ തുടങ്ങിയവർക്ക് സൗകര്യം ഉപയോഗിക്കാനാവും. കൊട്ടാരക്കരയ്ക്ക് പുറമേ കളമശ്ശേരി, രാമനാട്ടുകര, തളിപ്പറമ്പ്, പെരിന്തല്‍മണ്ണ തുടങ്ങി 9 കേന്ദ്രങ്ങളില്‍ കൂടി വർക്ക് നിയർ ഹോം ഉടൻ പ്രവർത്തനസജ്ജമാകും. കെ- ഡിസ്ക് മേല്‍നോട്ടം വഹിക്കുന്ന പദ്ധതിക്ക് കിഫ്‌ബിയാണ് മൂലധനം നല്‍കുന്നത്. വർക്ക് നിയർ ഹോം ഉദ്ഘാടന ചടങ്ങില്‍ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. ജനുവരി 18 മുതല്‍ 24 വരെ ഓഗ്‌മെന്റഡ് റിയാലിറ്റി, വെർച്വല്‍ റിയാലിറ്റി റോബോട്ടിക്സ്, ഡ്രോണ്‍ എക്സ്പീരിയൻഷ്യല്‍ സോണുകള്‍, വിദഗ്‌ദ്ധർ നയിക്കുന്ന ഹാൻഡ്‌സ് ഓണ്‍ സെഷനുകള്‍ ഉള്‍പ്പെടെയുള്ള ലേണിംഗ് ഫെസ്റ്റിവലും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

