ഡിജിപി ഓഫീസിൽ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം : കെ. സുധാകരൻ അടക്കമുള്ള നേതാക്കൾ ആശുപത്രിയിൽ
കരിങ്കൊടി പ്രതിഷേധങ്ങൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തിനെതിരെ കോൺഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം. മാർച്ചിനിടെ നവകേരള സദസിന്റെ ബാനറുകൾ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി നശിപ്പിച്ചു. പോലീസിന് നേരെ കല്ലേറുണ്ടായി. പ്രവർത്തകർ അക്രമം അഴിച്ചുവിടാൻ തുടങ്ങിയതോടെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരൻ അടക്കമുള്ള നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി. സതീശൻ സംസാരിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പോലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു. എന്നാൽ യാതൊരു പ്രകോപനവും കൂടാതെയാണ് പോലീസ് നടപടിയെന്ന് നേതാക്കൾ ആരോപിച്ചു.