ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ വിനീത വി.ജിക്കെതിരെ കേസെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനമായി : ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർ
കൊച്ചി: ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ വിനീത വി.ജിക്കെതിരെ 120 (ബി) എന്ന ഗുരുതര വകുപ്പ് പ്രകാരം കുറുപ്പംപടി പൊലീസ് കേസെടുത്ത സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍.ശ്രീകണ്ഠന് നായര്‍. തൊഴിലെടുക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തിന് മേലാണ് വാളെടുത്തിരിക്കുന്നതെന്ന് ആര്‍ ശ്രീകണ്ഠന് നായര്‍ പറഞ്ഞു. ഗുരുതര വകുപ്പുകള്‍ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യണമെന്നും ചീഫ് എഡിറ്റര്‍ ആവശ്യപ്പെട്ടു. കേസ് നിയപരമായി തന്നെ നേരിടുമെന്നും ആര്‍ ശ്രീകണ്ഠന് നായര്‍ വ്യക്തമാക്കി.ഒരു റബ്ബര്‍ ഷൂ എറിഞ്ഞാല്‍ ഒരു കവചിതമായ ബസിനുള്ളിലിരിക്കുന്ന ആളുകള്‍ പരുക്കേറ്റ് കൊലചെയ്യപ്പെടുമെന്ന് കണ്ടുപിടിച്ച ലോകത്തിലെ ആദ്യത്തെ പൊലീസ് സേനയെന്ന ഘ്യാതി കേരളാ പൊലീസിനാണെന്ന് ആര്‍ ശ്രീകണ്ഠന് നായര്‍ പറഞ്ഞു. വിനീത വി.ജി ഒറ്റയ്ക്കായിരിക്കല്ല ഈ കേസില്‍ ജയിലില്‍ പോകുന്നത്, മുഴുവന്‍ സഹപ്രവര്‍ത്തകരും അറസ്റ്റ് കൈവരിക്കുമെന്നും തങ്ങള്‍ ഡ്യൂട്ടിയിട്ട മാധ്യമപ്രവര്‍ത്തകയ്ക്ക് സ്വതന്ത്രമായി മാധ്യമപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ലെങ്കില്‍ തങ്ങള്‍ ഇത് അടച്ചുപൂട്ടുമെന്നും ചീഫ് എഡിറ്റര്‍ പറഞ്ഞു.ഐപിസി 120(ബി) കുറ്റകരമായ ഗൂഢാലോചനയെന്ന വകുപ്പ് പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഷൂസ് എറിഞ്ഞവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ഈ വകുപ്പുകള്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയപ്പോള്‍ വകുപ്പുകള്‍ സംബന്ധിച്ച് പൊലീസിന് അതിരൂക്ഷ വിമര്‍ശനമുണ്ടാവുകയും പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ നിലനില്‍ക്കില്ലെന്ന് കോടതി വിലയിരുത്തിയ അതേ വകുപ്പുകളാണ് നിലവില്‍ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കുറുപ്പംപടി സിഐയും ചുമത്തിയിരിക്കുന്നത്.