യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് കീഴടങ്ങിയേക്കും

Spread the love

ന്യൂയോര്‍ക്ക്: നീലച്ചിത്ര നടിക്ക് പണംനല്‍കിയ കേസില്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച കീഴടങ്ങിയേക്കും. പ്രദേശികസമയം ഉച്ചകഴിഞ്ഞ് മാന്‍ഹാട്ടന്‍ ക്രിമിനല്‍ക്കോടതിയില്‍ എത്തുമെന്നാണു കരുതുന്നത്. ഇക്കാരണത്താല്‍ കോടതിക്കു സമീപവും ട്രംപ് ടവറിനു മുന്നിലും ന്യൂയോര്‍ക്ക് പോലീസ് കനത്ത സുരക്ഷയൊരുക്കി.യു.എസില്‍ ക്രിമിനല്‍ക്കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുന്‍ പ്രസിഡന്റാണ് ട്രംപ്. കോടതിയിലെത്തിയാല്‍ പതിവ് അറസ്റ്റ് നടപടിക്രമങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ വിരലടയാളം രേഖപ്പെടുത്തും. രേഖകളുടെ ഭാഗമാക്കാനായി ഫോട്ടോയുമെടുക്കും. എന്നാല്‍, വിലങ്ങുവെക്കില്ലെന്ന് കോടതി ഉറപ്പുകൊടുത്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജോ ടകോപിന പറഞ്ഞിരുന്നു. പിന്നീട് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും.ട്രംപിന്റെ അനുയായികള്‍ പ്രതിഷേധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 36,000 പോലീസുകാരെ സുരക്ഷാചുമതലയ്ക്കായി നിയോഗിച്ചു. പ്രതിഷേധിക്കാന്‍ ചൊവ്വാഴ്ച ന്യൂയോര്‍ക്കിലേക്കു പോകുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി എം.പി. മാര്‍ജറി ടെയ്ലര്‍ പറഞ്ഞു.ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാതെ 2021 ജനുവരി ആറിന് ട്രംപിന്റെ അനുയായികള്‍ യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോള്‍ ആക്രമിച്ച അനുഭവമുള്ളതിനാലാണ് ന്യൂയോര്‍ക്കില്‍ ഇത്ര സുരക്ഷ. നിലവില്‍, വലിയ ഭീഷണികളൊന്നും ഇല്ലെന്ന് പോലീസ് പറഞ്ഞു.അവിഹിതബന്ധം മൂടിവെക്കാന്‍ നീലച്ചിത്രനടി സ്റ്റോമി ഡാനിയേല്‍സിന് 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപ് 1,30,000 ഡോളര്‍ (ഏതാണ്ട് ഒരുകോടിയിലേറെ രൂപ) നല്‍കി. ട്രംപിന്റെ അന്നത്തെ അഭിഭാഷകന്‍ മൈക്കല്‍ കോഹനാണ് ഈ പണം സ്റ്റോമിക്കു കൈമാറിയത്. ട്രംപ് പിന്നീട് ഈ തുക കോഹനു കൊടുത്തു. ട്രംപിന്റെ കമ്പനിയായ ട്രംപ് ഓര്‍ഗനൈസേഷന്‍ കോഹനു നല്‍കിയ ഫീസാണിതെന്ന് വ്യാജരേഖയുമുണ്ടാക്കി. ഈ വ്യാജരേഖ ചമയ്ക്കലാണ് കേസിന് ആധാരം

Leave a Reply

Your email address will not be published. Required fields are marked *