ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ കോടതി ഇന്ന് വിധി പറയും

Spread the love

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ന് വിചാരണ കോടതി വിധി പറയും. മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് അന്തിമ ഘട്ടത്തിലെത്തിയത്.ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസില്‍ 24 പേര്‍ കൂറ് മാറി. ഇതില്‍ മധുവിന്റെ ബന്ധുവടക്കം ഉള്‍പ്പെടുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസില്‍ 16 പ്രതികളുണ്ട്. അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തില്‍ നടന്നത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു. രഹസ്യമൊഴി നല്‍കിയവര്‍ വരെ കൂറുമാറി. മജിസ്റ്റീരിയില്‍ റിപ്പോര്‍ട്ടിന് മേല്‍ തെളിവ് മൂല്യത്തര്‍ക്കം ഉണ്ടായി. ഒടുവില്‍ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിയും വന്നു.വിധി വരുമ്പോഴുള്ള ആകാംക്ഷ പലതാണ്. കൂറുമാറിയ സാക്ഷികള്‍ക്ക് എതിരെ നടപടി ഉണ്ടാകുമോ? കൂറുമാറ്റാന്‍ ഇടനില നിന്നവര്‍ക്ക് എതിരെ കേസുണ്ടാകുമോ, പ്രതിഭാഗം അഭിഭാഷകര്‍ കൂറുമാറ്റാന്‍ ഇടപെട്ടോ, മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ടിനെ തെളിവായി പരിഗണിച്ചോ എന്നെല്ലാം ചോദ്യങ്ങളുണ്ട്. ഇതിനെല്ലാമുള്ള ഉത്തരങ്ങള്‍ ഇന്നത്തെ വിധി പ്രസ്താവത്തില്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *