യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ച അവസരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ
യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് മികച്ച അവസരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. അയോധ്യയിലെ രാമക്ഷേത്രത്തിലേക്കടക്കമുളള പുണ്യതീർത്ഥയാത്രയാണ് ഇത്തവണ റെയിൽവേ പദ്ധതിയിടുന്നത്. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ ടൂർ പരിപാടിയുടെ ഭാഗമായാണ് രാജ്യത്തെ പുണ്യനഗരങ്ങൾ സന്ദർശിക്കാനുള്ള അവസരം ഒരുക്കുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന യാത്ര അടുത്ത മാസം നാലാം തീയതി കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും.പുരി, കൊൽക്കത്ത, വാരണാസി, പ്രയാഗ് രാജ് എന്നിവിടങ്ങളിലും സന്ദർശനം നടത്താൻ അവസരമുണ്ട്. ഭക്ഷണമൊഴികെ കുടിവെള്ളം, ഹോട്ടൽ താമസം, റോഡ് യാത്ര ചെലവുകൾ അടക്കമാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്ലീപ്പർ ക്ലാസിൽ ഒരാൾക്ക് 20,367 രൂപയും, തേർഡ് എ.സിയിൽ 35,651 രൂപയുമാണ് നിരക്ക്. മെയ് നാലിന് വൈകിട്ട് 7:30- ന് പുറപ്പെടുന്ന ട്രെയിൻ, 15- ന് രാത്രി 8 മണിക്കാണ് തിരിച്ചെത്തുക. നാല് തേർഡ് എ.സി കോച്ചുകളും, 7 സ്ലീപ്പർ കോച്ചുകളും, ഒരു പാൻട്രി കാറും ഉൾപ്പെടുന്ന പ്രത്യേകത ട്രെയിനാണ് യാത്രയ്ക്കായി സജ്ജമാക്കിയിട്ടുള്ളത്.