എലത്തൂര്‍ ട്രെയിന്‍ ആക്രമണം : സംസ്ഥാനത്താകെ പൊലീസ് പരിശോധനയ്ക്ക് നിർദേശം

Spread the love

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ പൊലീസ് പരിശോധനയ്ക്ക് നിര്‍ദേശം. എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. റെയില്‍വേ സ്റ്റേഷന്‍,ബസ് സ്റ്റാന്‍ഡ്,ഹോട്ടലുകള്‍, ഇതര സംസ്ഥാനക്കാരുടെ ക്യാമ്പുകളിലടക്കം പരിശോധന നടത്താനാണ് നിര്‍ദേശം. സംശയാസ്പദമായി കണ്ടെത്തുന്നവരെ കസ്റ്റഡിയില്‍ എടുക്കാനും നിര്‍ദേശിച്ചു. സംസ്ഥാന അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കാനും അറിയിപ്പ് നല്‍കി.അതേസമയം എലത്തൂരിലെ ട്രെയിനില്‍ തീ വെച്ച സംഭവം 18 അംഗ സംഘം അന്വേഷിക്കും. എഡിജിപി അജിത് കുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഇത് കൂടാതെ ക്രൈം ബ്രാഞ്ച് ലോക്കല്‍ പൊലീസ്, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എന്നിവയില്‍ നിന്നും അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജ്, താനൂര്‍ ഡിവൈഎസ്പി ബെന്നി എന്നിവരാണ് സംഘത്തിലുള്ളത്.ഇത് കൂടാതെ റെയില്‍വേ ഇന്‍സ്‌പെക്ടര്‍മാര്‍, ലോക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരെയെല്ലാം ഈ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊത്തം 18 അംഗ സംഘത്തിനെയാണ് പ്രത്യേക അന്വേഷണം ഏല്‍പിച്ചു കൊണ്ടുള്ള ഉത്തരവാണിപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ അക്രമി തീ വെച്ചത്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം അക്രമി ഓടിരക്ഷപ്പെട്ടിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അതിന്റെ ഭാഗമായിട്ടാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളാണ് പ്രതി എന്ന് സൂചന കിട്ടിയതായി പൊലീസ് വ്യക്തമാക്കി. പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കി പുറത്തുവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *