തലസ്ഥാനത്ത് തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന അനാഥർക്ക് ആശ്രമായി തമ്പാനൂർ പൊലീസും ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകരും
തിരുവനന്തപുരം : തലസ്ഥാനത്ത് തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന അനാഥർക്ക് ആശ്രമായി പൊലീസും ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകരും. തിരുവനന്തപുരം അഡിഷണൽ റൂറൽ എസ്പി എം .കെ സുൽഫിക്കറിന്റെ നേതൃത്വത്തിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിലെ സി.ഐയുടെ സംഘവും ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകരും ചേർന്നാണ് നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്ന അനാഥരെ കണ്ടെത്തി കുളിപ്പിച്ച് വൃത്തിയാക്കി അനാഥ മന്ദിരങ്ങളിലേക്ക് പാർപ്പിക്കുന്നത്.നിരവധി ആക്ടിവിസ്റ്റുകളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു കൊണ്ട് മൂന്ന് ദിവസമായാണ് നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നത്. തെരുവിൽ അലയുന്നവരിൽ പലരും ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട് ഇവർക്ക് വേണ്ട വൈദ്യസഹായം നൽകുന്നതാണ് പുനരധിവാസത്തിന്റെ ആദ്യപടി.ഇവരിൽ പലരും കുടുംബങ്ങൾ ഉപേക്ഷിച്ചവരാണ്. തെരുവിലേക്ക് തന്നെ മടങ്ങണമെന്നാണ് ചിലർ ആവശ്യപ്പെടുന്നത്. തിരുവനന്തപുരത്ത് തമ്പാനൂർ പോലീസിന്റെയും ഒരു കൂട്ടം സാമൂഹ്യപ്രവർത്തകരുടെ നേത്യത്വത്തിൽ ആരംഭിച്ച പുനരധിവാസ പ്രവർത്തനങ്ങൾ എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഇവർ. അതുകൊണ്ട് തന്നെ വിവിധ ജില്ലകളിൽ പൊലീസിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണം തേടുകയാണ് സാമൂഹ്യ പ്രവർത്തകരുടെ ഈ കൂട്ടായ്മ.