മനുഷ്യനും മൃഗങ്ങളും മാത്രമല്ല, സസ്യങ്ങളും വികാര ജീവികളാണെന്ന് പുതിയ കണ്ടെത്തല്‍
മനുഷ്യനും മൃഗങ്ങളും മാത്രമല്ല, സസ്യങ്ങളും വികാര ജീവികളാണെന്ന് പുതിയ കണ്ടെത്തല്‍. സമ്മര്‍ദ്ദത്തിലാകുമ്പോഴും മുറിവേല്‍ക്കുമ്പോഴും സസ്യങ്ങളും കരയാറുണ്ട് എന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നത്. ഇസ്രയേലിലെ ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് സസ്യങ്ങള്‍ക്കുള്ളിലെ ഈ വൈകാരിക രഹസ്യം വെളിപ്പെട്ടത്. സസ്യങ്ങള്‍ക്ക് ഏല്‍ക്കേണ്ടിവരുന്ന വിവിധ തരത്തിലുള്ള സമ്മര്‍ദ്ദവും മറ്റും പ്രത്യേകം പ്രത്യേകം ശബ്ദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി. എന്നാല്‍ ഈ ശബ്ദങ്ങള്‍ ഒന്നും മനുഷ്യന് കേള്‍ക്കാന്‍ സാധിക്കില്ല. കാരണം മനുഷ്യരുടെ കേള്‍വി പരിധിക്കപ്പുറമാണ് ഈ ശബ്ദ തരംഗങ്ങള്‍. പക്ഷേ വവ്വാലുകള്‍, എലികള്‍, പ്രാണികള്‍ തുടങ്ങിയ ജീവികള്‍ക്ക് ഇത്തരം ശബ്ദങ്ങളെ തിരിച്ചറിയാന്‍ കഴിയുമെന്നും പഠനം പറയുന്നു.പ്രത്യേക പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ചെടികളെ വിധേയമാക്കിയാണ് ഈ നിര്‍ണായക കണ്ടെത്താന്‍ ഗവേഷകര്‍ നടത്തിയത്. ചെടികളുടെ തണ്ട് മുറുക്കുക, വെള്ളം നഷ്ടപ്പെടുത്തുക തുടങ്ങിയ സമ്മര്‍ദ്ദങ്ങള്‍ക്ക് ചെടികളെ വിധേയമാക്കിയാണ് പഠനം നടത്തിയത്. ഇത്തരം സമ്മര്‍ദ്ദങ്ങളിലൂടെ ചെടികള്‍ കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അവ പ്രത്യേകം വികസിപ്പിച്ചെടുത്ത മെഷീന്‍ ലേണിംഗ് അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് വിശകലനം ചെയ്തുമാണ് ഇത്തരം ഒരു നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. ‘സമ്മര്‍ദ്ദമില്ലാത്ത സസ്യങ്ങള്‍ മണിക്കൂറില്‍ ഒന്നില്‍ താഴെ ശബ്ദം മാത്രമാണ് പുറപ്പെടുവിക്കുന്നത്, അതേസമയം സമ്മര്‍ദ്ദമുള്ള സസ്യങ്ങള്‍ ഓരോ മണിക്കൂറിലും ഡസന്‍ കണക്കിന് ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തുവെന്നാണ് ഗവേഷകര്‍ പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. നമുക്ക് ചുറ്റുമുള്ള ലോകം സസ്യശബ്ദങ്ങളാല്‍ നിറഞ്ഞതാണെന്നാണ് ഗവേഷണ സംഘത്തില്‍ ഉള്‍പ്പെട്ട പ്രൊഫസര്‍ ലിലാച്ച് ഹദാനി പറയുന്നു. ആ ശബ്ദങ്ങളില്‍ മനുഷ്യന് ഉപകാരപ്രദമായ നിരവധി വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.പ്രത്യേക സെന്‍സറുകളുടെ സഹായത്തോടെ അവ മനസ്സിലാക്കിയെടുക്കാന്‍ ശ്രമം നടത്തിയാല്‍ ചെടികള്‍ക്ക് പരിക്ക് പറ്റുമ്പോഴും ജലം ആവശ്യമായി വരുമ്പോഴും ഒക്കെ അവയുടെ ആവശ്യം അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് കാര്‍ഷികവൃത്തിയിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സസ്യങ്ങള്‍ വായുവിലൂടെയുള്ള ശബ്ദ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള ദീര്‍ഘകാല ശാസ്ത്രീയ തര്‍ക്കത്തിലാണ് ഈ പഠനം പരിസമാപ്തി കുറിച്ചിരിക്കുന്നത്. ശാസ്ത്ര ജേണലായ സെല്ലിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പൂക്കള്‍ നിറഞ്ഞ ഒരു പാടം യഥാര്‍ത്ഥത്തില്‍ സസ്യ ശബ്ദങ്ങള്‍ നിറഞ്ഞ ഒരു ശബ്ദായമാനമായ സ്ഥലമാണ് എന്നുവേണം ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇനി നാം മനസ്സിലാക്കാന്‍.