യാത്രാ നിരക്ക് വര്‍ധന: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം- കൃഷ്ണന്‍ എരഞ്ഞിക്കല്‍

Spread the love

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന യാത്രാ നിരക്ക് വര്‍ധന മൂലം ന്യൂ ഇയര്‍-ക്രിസ്തുമസ് അവധിക്കാലത്ത് നാട്ടിലെത്താനാവാതെ മറുനാടന്‍ മലയാളികള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. വിമാന-ട്രെയിന്‍ യാത്രാ നിരക്കുള്‍പ്പെടെ അമിതമായി വര്‍ധിപ്പിച്ച് യാത്രക്കാരെ കൊള്ളയടിക്കുമ്പോഴും സര്‍ക്കാരുകള്‍ നോക്കുകുത്തികളായി മാറുന്നത് പ്രതിഷേധാര്‍ഹമാണ്. ദീര്‍ഘദൂര ട്രെയിനുകളില്‍ ടിക്കറ്റ് പോലും കിട്ടാനില്ല. കൂടാതെ ഡെല്‍ഹി-എറണാകുളം തേഡ് എ.സി പ്രീമിയം തല്‍ക്കാല്‍ ടിക്കറ്റിന് 6140 രൂപയാണ് ഈടാക്കുന്നത്. ചെന്നൈ-എറണാകുളം തേഡ് എ.സി പ്രീമിയം ടിക്കറ്റിന് 3505 രൂപയും മുംബൈ-തിരുവനന്തപുരം 3145 രൂപയുമാണ് ഈടാക്കുന്നത്. ഡല്‍ഹി-കോഴിക്കോട് വിമാന ടിക്കറ്റ് നിരക്ക് 8500 രൂപയായിരുന്നത് ഇപ്പോള്‍ ഇരുപതിനായിരത്തിനു മുകളിലാണ്. ഡല്‍ഹി- തിരുവനന്തപുരം നിരക്ക് 9000 ആയിരുന്നത് ഇപ്പോള്‍ 22,050 ആണ് ഈടാക്കുന്നത്. ചെലവ് താങ്ങാനാവാതെ വിമാനയാത്രയും ട്രെയിന്‍ യാത്രയും ഒഴിവാക്കി അന്തര്‍ സംസ്ഥാന സ്വകാര്യ ബസിനെ ആശ്രയിക്കാന്‍ തീരുമാനിച്ചാലും രക്ഷയില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്ക് സ്വകാര്യ ബസുകളെല്ലാം അവധിക്കാലത്ത് ഈടാക്കുന്നത് ഭീമമായ തുകയാണ്. സാധാരണ ദിവസങ്ങളില്‍ 800 രൂപ മുതല്‍ 2000 രൂപ വരെ ഈടാക്കുന്ന വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ മൂവ്വായിരം മുതല്‍ നാലായിരം രൂപവരെയായി വര്‍ധിപ്പിച്ചിരിക്കുന്നു. വരും ദിവസങ്ങളില്‍ വീണ്ടും വര്‍ധിക്കാനാണ് സാധ്യത. നേരത്തേ ടിക്കറ്റെടുത്താല്‍ ചെലവ് കുറയുമെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവന കമ്പനികളുടെ ചൂഷണത്തെ വെള്ളപൂശുന്ന നടപടിയാണ്. ഇന്റര്‍വ്യൂവിനും പരീക്ഷയ്ക്കും ചികില്‍സയ്ക്കും ഉറ്റവരുടെ മരണാനന്തര ചടങ്ങുകള്‍ക്കും എത്തേണ്ടവര്‍ നേരത്തേ എങ്ങിനെയാണ് ആവശ്യം അറിഞ്ഞ് ടിക്കറ്റെടുക്കുക എന്നതു കൂടി കേന്ദ്രമന്ത്രി വ്യക്തമാക്കണം. ന്യൂ ഇയര്‍-ക്രിസ്തുമസ് അവധിക്കാലം ലക്ഷ്യമിട്ട് യാത്രക്കാരെ കൊള്ളയടിക്കുന്നവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *